Times Kerala

വർഷങ്ങളോളം ക്വാറന്റൈനിൽ കഴിയേണ്ടി വന്ന ‘ടൈഫോയ്ഡ് മേരി’യുടെ കഥ.!!

 
വർഷങ്ങളോളം ക്വാറന്റൈനിൽ കഴിയേണ്ടി വന്ന ‘ടൈഫോയ്ഡ് മേരി’യുടെ കഥ.!!

ക്വാറന്റൈൻ.. ലോകത്തിനു മുഴുവൻ ഇന്ന് സുപരിചിതമായ വാക്ക്. എന്നാൽ വർഷങ്ങളോളം ക്വാറന്റൈനിൽ കഴിയേണ്ടിവന്ന ഒരു വ്യക്തിയുണ്ട്; “ടൈഫോയ്ഡ് മേരി” എന്നുവിളിക്കപ്പെടുന്ന മേരി മെലോൺ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അമേരിക്കയിലാണ് സംഭവം. ടൈഫോയിഡിൻറെ പ്രകടമായ ലക്ഷണങ്ങളില്ലാത്ത വാഹകയായ മേരി, അമ്പത്തിമൂന്ന്‌ ആളുകളിലേക്ക് രോഗം പകർത്തുകയും അതിൽ മൂന്നു പേർ മരണപ്പെടുകയുമുണ്ടായി. ഇതിനെത്തുടർന്ന് അധികാരികൾ രണ്ടുതവണയാണ് നിർബന്ധിതമായി ക്വാറന്റൈനിൽ പാർപ്പിച്ചത്. അങ്ങനെ മരണത്തിന് മുൻപ്, രണ്ടു പതിറ്റാണ്ടിലേറെക്കാലം ഒരു ദ്വീപിൽ അവർ തനിച്ചാക്കാപ്പെട്ടു.

1869 ൽ വടക്കൻ അയർലണ്ടിലാണ് മേരി മെലോൺ ജനിച്ചത്. പതിനഞ്ചാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി. തുടക്കകാലത്ത് വീട്ടുജോലിക്കാരിയായി ജോലി ചെയ്തു. പിന്നീട് സമ്പന്ന കുടുംബങ്ങളുടെ പാചകക്കാരിയായി. 1900 മുതൽ 1907 വരെ ന്യൂയോർക്ക് സിറ്റിയിൽ ഇവർ ജോലിചെയ്ത എട്ട് കുടുംബങ്ങളിൽ, ഏഴു കുടുംബങ്ങൾക്കും ടൈഫോയ്ഡ് പിടിപെട്ടു. മേരി ജോലിക്കു പ്രവേശിച്ച ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ അവിടുത്തെ വീട്ടുകാർക്കും മറ്റു വേലക്കാർക്കും പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടിരുന്നു. ഓരോ കുടുംബത്തിലും ടൈഫോയ്ഡ് പിടിപെട്ട ഉടൻ, മേരി പുതിയ സ്ഥലങ്ങളിലേക്ക് മാറി തൻറെ ജോലി തുടർന്നു.

1906 ഓഗസ്റ്റിൽ ന്യൂയോർക്കിലെ സമ്പന്നനായ ചാൾസ് ഹെൻറി വാറന്റെ കുടുംബത്തോടൊപ്പം ഒയിസ്റ്റർ ബേയിൽ മേരി ജോലി നോക്കവേ, ഒരാഴ്ചയ്ക്കുള്ളിൽ ആ കുടുംബത്തിലെ 11 പേരിൽ ആറുപേർക്ക് ടൈഫോയ്ഡ് ബാധിച്ചു. ചാൾസ് വാറന്റെ ഏക മകൾ 1907 ൽ ടൈഫോയ്ഡ് ബാധിച്ച് മരിച്ചതോടെയാണ് രോഗവ്യാപനത്തിൽ മേരിയുടെ പങ്ക് വെളിപ്പെടുന്നത്. മകളുടെ മരണകാരണം അന്വേഷിക്കാനായി ചാൾസ് വാറൻ, ജോർജ് സോപർ എന്നയാളെ നിയമിച്ചു. സാധാരണയായി, വൃത്തിഹീനമായ സാഹചര്യങ്ങളിൽ മാത്രം പിടിപെടാറുള്ള ടൈഫോയ്ഡ്, എങ്ങിനെയാണ് സമ്പന്നരുടെ കുടുംബങ്ങളിൽ പടരുന്നതെന്ന അന്വേഷണത്തിലായിരുന്നു സോപ്പർ. അങ്ങിനെ സൂപ്പറുടെ ശ്രദ്ധ മേരിയിലേക്കു തിരിഞ്ഞു. അങ്ങനെയിരിക്കെ പാർക്ക് അവന്യൂവിൽ ഒരിടത്ത് ടൈഫോയ്ഡ് ബാധ കണ്ടെത്തിയപ്പോൾ അവിടുത്തെ പാചകക്കാരി മേരിയാണെന്ന് സോപ്പർ മനസ്സിലാക്കി. ആ വീട്ടിലെ രണ്ടു ജോലിക്കാർ രോഗബാധിതതരാകുകയും ഒരു കുട്ടി ടൈഫോയ്ഡ് ബാധിച്ച് മരിക്കുകയും ചെയ്തു. വൈകാതെ പാർക്ക് അവന്യൂവിൽ വച്ച് സോപ്പർ ആദ്യമായി മേരിയെ കണ്ടുമുട്ടി. രോഗം പടരാൻ കാരണം അവരാണെന്ന് ആരോപിച്ചു. ഇത് മേരിയെ പ്രകോപിപ്പിക്കുകയും ചെയ്തു. എല്ലായിടത്തും ടൈഫോയ്ഡ് ഉണ്ടെന്നും മലിനമായ ഭക്ഷണവും വെള്ളവും മൂലമാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്നും വിശ്വസിച്ചിരുന്ന മേരി, പരിശോധനക്കായി തൻറെ സാമ്പിളുകൾ നൽകാൻ വിസമ്മതിച്ചു. അക്കാലത്ത് “ആരോഗ്യവാന്മാരായ വാഹകർ” എന്ന ആശയം ആരോഗ്യ പ്രവർത്തകർക്ക് പോലും അജ്ഞാതമായിരുന്നു. സോപ്പറിൻറെ അറിയിപ്പിനെ തുടർന്ന് ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെൻറ് മേരി ഒരു ടൈഫോയ്ഡ് വാഹകയാണെന്ന് മനസ്സിലാക്കി.

അങ്ങനെ ഒരു പൊതുജനാരോഗ്യ ഭീഷണിയായാണ് മേരി അറസ്റ്റുചെയ്യപ്പെടുന്നത്. തുടർന്ന് മേരിയെ വില്ലാർഡ് പാർക്കർ ആശുപത്രിയിലെത്തിച്ച് അവിടെവച്ച് സാമ്പിളുകൾ നൽകാൻ നിർബന്ധിച്ചു. അവിടെ നാല് ദിവസത്തോളം മേരിയെ കിടക്കയിൽ നിന്ന് എഴുനേൽക്കാനോ സ്വന്തമായി ശുചിമുറി ഉപയോഗിക്കാനോ അനുവദിച്ചിരുന്നില്ല. അവരുടെ വിസർജ്ജ്യ പരിശോധനയിൽ വലിയ അളവിൽ ടൈഫോയ്ഡ് ബാക്ടീരിയ കണ്ടതോടെ അണുബാധയുടെ ഉറവിടം മേരിയുടെ പിത്താശയമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിൽ, താൻ ഒരിക്കലും കൈകൾ കഴുകാറില്ലെന്ന് മേരി സമ്മതിച്ചു. അക്കാലത്ത് അത് അസാധാരണമായിരുന്നില്ല താനും. 1907 മാർച്ച് 19 ന് മേരി നോർത്ത് ബ്രദർ ദ്വീപിൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ഈ സമയത്ത് ആഴ്ചയിൽ മൂന്നു പ്രാവശ്യവും മേരി തൻറെ വിസർജ്ജ്യ സാമ്പിളുകൾ പരിശോധനയ്ക്കായി നൽകി. മേരിയുടെ പിത്തസഞ്ചി നീക്കം ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചെങ്കിലും താൻ വാഹകയാണെന്ന് വിശ്വസിക്കാത്ത മേരി അത് നിരസിച്ചു. ഇതുകൂടാതെ തനിക്ക് ഏറ്റവും കൂടുതൽ പണം സമ്പാദിക്കാനായ ജോലിയെന്ന കാരണത്താൽപാചകക്കാരിയുടെ ജോലി നിർത്താനും അവർ തയ്യാറായില്ല. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ മേരിയെക്കുറിച്ചുള്ള സോപ്പറിന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം, അവർ വിപുലമായി മാധ്യമശ്രദ്ധ ആകർഷിക്കുകയും “ടൈഫോയ്ഡ് മേരി” എന്ന് ചാർത്തപ്പെടുകയും ചെയ്തു.

2 വർഷവും 11 മാസവും നീണ്ട ക്വാറന്റൈനു ശേഷം, ന്യൂയോർക്ക് സ്റ്റേറ്റ് ഹെൽത്ത് കമ്മീഷണർ, മേരിയെ ഇനി ഒറ്റപ്പെടുത്തേണ്ടതില്ലെന്നും പാചകക്കാരനായി ഇനി ജോലി ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും ടൈഫോയ്ഡ് പകരുന്നത് ഒഴിവാക്കാനുള്ള ശരിയായ നടപടികൾ സ്വീകരിക്കുമെന്നും
ഉറപ്പു നൽകിയാൽ അവരെ മോചിപ്പിക്കാമെന്നും തീരുമാനിച്ചു. അങ്ങനെ മേരിയെ ക്വാറന്റൈനിൽ നിന്ന് മോചിപ്പിക്കുകയും അവർ ദ്വീപിൽ നിന്നും മടങ്ങിയെത്തുകയും ചെയ്തു. തിരികെയെത്തിയ മേരിക്ക് ഒരു അലക്കുകാരിയുടെ ജോലി ലഭിച്ചെങ്കിലും പ്രതിഫലം മുൻപത്തേതിലും കുറവായിരുന്നു.
കുറേ നാളുകൾക്ക് ശേഷം ആരോഗ്യ അധികാരികളുടെ വ്യക്തമായ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി വ്യാജ കുടുംബപ്പേരുകൾ ഉപയോഗിച്ച് അവർ വീണ്ടും പാചകക്കാരിയായി ജോലിയിൽ പ്രവേശിച്ചു. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, സ്പാ സെന്ററുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പാചകക്കാരിയായി അവർ ജോലി ചെയ്തു. ഈ

സ്ഥങ്ങളിലൊക്കെയും ടൈഫോയ്ഡ് രോഗം ബാധിച്ചു. 1915 ൽ ന്യൂയോർക്ക് നഗരത്തിലെ സ്ത്രീകൾക്ക് വേണ്ടിയുള്ള സ്ലോൺ ഹോസ്പിറ്റലിൽ മേരി ജോലി ചെയ്യാൻ തുടങ്ങി. അല്പനാളുകൾക്കുള്ളിൽ തന്നെ 25 പേർക്ക് രോഗം ബാധിക്കുകയും, രണ്ടുപേർ മരിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് വീണ്ടും അന്വേഷണത്തിൽ സഹായമഭ്യർത്ഥിച്ചുകൊണ്ട് സോപ്പറിന് അറിയിപ്പ് ലഭിക്കുന്നത്. അവിടെയുള്ള മറ്റു ജോലിക്കാരുടെ വിവരണങ്ങളിലൂടെയും അവിടെ നിന്ന് കണ്ടെടുത്ത മേരിയുടെ കൈയക്ഷരത്തിലൂടെയും അവരെ അദ്ദേഹം തിരിച്ചറിഞ്ഞു. അപ്പോഴേക്കും മേരി അവിടെനിന്നും രക്ഷപ്പെട്ടിരുന്നു. എന്നാൽ പോലീസ് അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും 1915 മാർച്ച് 27 നു നോർത്ത് ബ്രദർ ദ്വീപിൽ, ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നീണ്ട 23 വർഷണങ്ങളാണ് മേരി അവിടുത്തെ പ്രൈവറ്റ് കോട്ടേജിൽ ക്വാറന്റൈനിൽ കഴിഞ്ഞത്. 1925 ൽ ഡോ. അലക്സാണ്ട്ര പ്ലാവ്സ്ക പരിശീലനത്തിനായി ഈ ദ്വീപിലെത്തുകയും കോട്ടേജിൻറെ രണ്ടാം നിലയിൽ ഒരു ലബോറട്ടറി സംഘടിപ്പിക്കുകയും ചെയ്തു. അവർ അവിടെ മേരിക്ക് ഒരു ടെക്നീഷ്യനായി ജോലി നൽകി. അങ്ങനെ മേരി തന്റെ ജീവിതകാലം മുഴുവൻ നോർത്ത് ബ്രദർ ദ്വീപിലെ റിവർസൈഡ് ഹോസ്പിറ്റലിൽ ചെലവഴിച്ചു. മരണത്തിന് ആറുവർഷം മുൻപ് ഹൃദയാഘാതത്തെ തുടർന്ന് ശരീരത്തിന്റെ പകുതിയും തളർന്നുപോയിരുന്നു. 1938 നവംബർ 11 ന് അറുപത്തിയൊമ്പതാം വയസ്സിൽ അവർ ന്യൂമോണിയ ബാധിച്ച് മരിച്ചു. മേരിയുടെ മൃതദേഹം ബ്രോങ്കിലെ സെന്റ് റെയ്മണ്ട് സെമിത്തേരിയിലാണ് സംസ്കരിച്ചിരിക്കുന്നത്.

Related Topics

Share this story