കളമശേരിയില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെ സ്ഥാനാര്ഥിയാക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗ് എറണാകുളം ജില്ല കമ്മിറ്റിയില്‍ കടുത്ത ഭിന്നത. കാസര്‍കോട് മണ്ഡലത്തിലേക്ക് കെ.എം. ഷാജിയെ പരിഗണിക്കേണ്ടതില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മലപ്പുറത്ത് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുമ്പോഴും മുസ്ലിം ലീഗ് പുതുതായി മല്‍സരിക്കുന്ന മണ്ഡലങ്ങളെ ചൊല്ലിയുളള ആശയക്കുഴപ്പം തുടരുകയാണ്.
വിജയസാധ്യതയുളള സ്ഥാനാര്‍ഥി പട്ടിക തയാറാക്കാന്‍ മുസ്ലിം ലീഗ് നേതൃത്വം മലപ്പുറത്ത് നടത്തിയ ചര്‍ച്ചയിലാണ് വി.കെ. ഇബ്രാഹിംകുഞ്ഞിനെ അനുകൂലിച്ചും എതിര്‍ത്തും രണ്ടു വിഭാഗങ്ങളെത്തിയത്. വിജയസാധ്യതയുളള സ്ഥാനാര്‍ഥി വി.കെ. ഇബ്രാഹിംകുഞ്ഞാണെന്ന നിലപാടുമായി കളമശേരി മണ്ഡലം കമ്മിറ്റി എത്തിയപ്പോള്‍ മറ്റു രണ്ടു പേരുകള്‍ ജില്ല കമ്മിറ്റി മുന്നില്‍ വച്ചു. കളമശേരി നഗരസഭ മുന്‍ വൈസ് ചെയര്മാന് ടി.എസ്. അബൂബക്കര്‍, ജില്ല പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ് എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നു. കെ.എം. ഷാജിയുടെ കാസര്‍കോട് മല്‍സരിക്കാനുളള നീക്കങ്ങളെ ഇറക്കുമതി സ്ഥാനാര്‍ഥികള്‍ വേണ്ടന്ന നിലപാട് എടുത്താണ് ജില്ല കമ്മിറ്റി പ്രതിരോധിച്ചത്.
കാസര്‍കോട് മണ്ഡലത്തില്‍ എന്‍.എ. നെല്ലിക്കുന്ന് തുടരട്ടെ എന്ന അഭിപ്രായമാണ് മണ്ഡലം കമ്മിറ്റി സ്വീകരിച്ചത്. എന്നാല്‍ ജില്ല പ്രസിഡന്റ് ടി. അബ്ദുല്ല, കല്ലട്ര മാഹീന് എന്നീ പേരുകളാണ് ജില്ല കമ്മിറ്റി മുന്നോട്ടു വച്ചത്. സ്ഥാനാര്‍ഥി പട്ടിക രണ്ടുമൂന്നു ദിവസത്തിനകം പുറത്തിറങ്ങുമെന്ന് നേതൃത്വം അറിയിച്ചു.കൊടുവളളിയിലേക്ക് മാറണമെന്ന് താല്പര്യമുണ്ടെങ്കിലും കോഴിക്കോട് സൗത്തില്‍ എം.കെ. മുനീറല്ലാതെ മറ്റാരും വേണ്ടന്ന നിലപാടിലായിരുന്നു മണ്ഡലം കമ്മിറ്റി.
ലീഗ് മല്‍സരിക്കുന്ന എല്ലാ മണ്ഡലം കമ്മിറ്റികളുടേയും ജില്ല കമ്മിറ്റികളുടേയും അഭിപ്രായങ്ങള്‍ ഉന്നതാധികാരസമിതി ചോദിച്ചറിഞ്ഞു. അധികമായി മല്‍സരിക്കുന്ന മൂന്നു മണ്ഡലങ്ങളുടെ കാര്യത്തില്‍ കൂടി തീരുമാനമായാല്‍ മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിന് അടക്കമുളള 28 സ്ഥാനാര്‍ഥികളേയും ഒന്നിച്ചു പ്രഖ്യാപിക്കും.
Comments are closed.