രണ്ടരമാസക്കാലത്തെ ആഫ്രിക്കൻ ജീവിതം വിഡിയോകളിലൂടെ വ്യക്തമാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തുകയാണ് നിലമ്പൂർ എംഎൽഎ പി.വി അൻവർ. ഫെയ്സ്ബുക്കിലൂടെയാണ് ജീവിതാനുഭവം പറയുന്ന ആഫ്രിക്കൻ സീരീസ് ആരംഭിക്കുന്നത്. ഇന്ന് പങ്കുവച്ചിരിക്കുന്ന വിഡിയോയിൽ നാട്ടിലെ ബാധ്യതകളെ പറ്റിയാണ് അദ്ദേഹം സംസാരിക്കുന്നത്. അൻവറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പിന്നാലെ താൻ ആഫ്രിക്കയിലുണ്ടെന്നും ഖനനം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയത്.
“ജനങ്ങളെ കൂടുതൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതും എംഎൽഎ ആകുന്നതും. നാടിന്റെ വികസനത്തിന് വേണ്ടി എല്ലാം ഞാൻ ചെയ്തു. എംഎൽഎയ്ക്ക് കിട്ടുന്ന ശമ്പളത്തിൽ നിന്ന് ഒരു ബിസ്ക്കറ്റ് പോലും ഞാൻ വാങ്ങിച്ച് തിന്നിട്ടില്ല. ഏഴു സ്റ്റാഫുകളെ നിയമിച്ച് ഞാനില്ലാത്തപ്പോൾ പോലും ജനങ്ങൾക്കുള്ള സേവനം ചെയ്തു. ഒരു വർഷം ലഭിക്കുന്ന മൂന്നു ലക്ഷം രൂപയുടെ ഡീസലും ട്രെയിൻ അലവൻസും മാത്രമേ എംഎൽഎ എന്ന നിലയിൽ സർക്കാർ നിന്നും വാങ്ങിയിട്ടുള്ളൂ. ഒരു ഗുളിക പോലും സർക്കാർ ചെലവിൽ വാങ്ങിയെടുത്തിട്ടില്ല. എന്നിട്ടും എന്നെ ആക്രമിക്കുകയാണ്, വേട്ടയാടുകയാണ്. സ്വത്തുണ്ടായിട്ടും എനിക്ക് എന്റെ ബാധ്യതകൾ തീർക്കാൻ കഴിയുന്നില്ല. എന്റെ സ്വത്ത് വിൽക്കാനും പോലും കഴിയാത്ത അവസ്ഥ. വാങ്ങുന്നവർ ഭയപ്പെടുകയാണ്. ആവശ്യത്തിന് സ്വത്തുണ്ടായിട്ടും ബാധ്യത തീർക്കാൻ പറ്റാത്ത ഗതികെട്ട അവസ്ഥയിലാണ് ഞാൻ. സ്ഥാപനങ്ങളെല്ലാം പൂട്ടി. വരുമാനം ഇല്ലാതായി..” – അൻവർ പറയുന്നു.
ആഫ്രിക്കയിൽ എന്തിന് വന്നു എന്ന് അടുത്ത വിഡിയോയിൽ പറയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Comments are closed.