തിരുവനന്തപുരം: ‘17 വർഷം ഞാൻ ഓമനിച്ച് വളർത്തിയ എന്റെ കുഞ്ഞാണു കേരള പീപ്പിൾസ് പാർട്ടി. എന്റെ മകളെപ്പോലെ വളരെ ഓമനിച്ചു വളർത്തിയ പാർട്ടിയാണ്. അവൾക്ക് 17 വയസ്സാകുന്നു. ഞാൻ എന്റെ ഈ മകളെ ബിജെപിയിൽ ലയിപ്പിക്കുന്നു…’ – കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സാക്ഷിയാക്കി വിജയയാത്രയുടെ സമാപന വേദിയിൽ നടൻ ദേവൻ പറഞ്ഞു.
ദേവൻ നേതൃത്വം കൊടുക്കുന്ന കേരള പീപ്പിൾസ് പാർട്ടി ഞായറാഴ്ച എൻഡിഎ സഖ്യത്തിന്റെ ഭാഗമായി. വികാരഭരിതനായിട്ടാണ് അദ്ദേഹം ബിജെപി വേദിയിൽ പ്രസംഗിച്ചത്. “ഞാൻ ഒരു കെഎസ്യു പ്രവർത്തകനായിരുന്നു. പിന്നീട് പല കാരണങ്ങളാൽ കോൺഗ്രസിനോട് ബൈ പറഞ്ഞു. 2004ൽ കേരള പീപ്പിൾസ് പാർട്ടിയുണ്ടാക്കി. തിരഞ്ഞെടുപ്പിൽ മത്സരിച്ചു. രണ്ടു തവണയും തോറ്റു. അപ്പോൾ എനിക്ക് മനസ്സിലായി ഒരു സിനിമാതാരത്തെ കേരളം വിജയിപ്പിക്കില്ലെന്ന്. അതിന് അവർക്കിടയിൽ പ്രവർത്തിക്കണം എന്നും മനസ്സിലായി. സ്വന്തമായി തന്നെ ഇവിടെ മത്സരിക്കാൻ തീരുമാനിച്ചു.
പിന്നീട് വിവിധ മതന്യൂനപക്ഷ നേതാക്കളുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞതു ദേവൻ ഒറ്റയ്ക്കു നിൽക്കരുത്, 17 വർഷം രാഷ്ട്രീയത്തിലുള്ള ഈ പരിചയം ബിജെപിക്കായി ഉപയോഗിക്കണം എന്നാണ്. അവർ എല്ലാവരും ബിജെപിയിൽ ചേരണം എന്നാണു പറഞ്ഞത്. നിങ്ങൾക്ക് പറ്റിയ പാർട്ടി അതാണെന്നും പറഞ്ഞു. ആറു ബിഷപ്പുമാരെ കണ്ടു അവരും അതു തന്നെയാണു പറഞ്ഞത്.” – ദേവൻ വിശദീകരിച്ചു.
Comments are closed.