Times Kerala

അവിശ്വസനീയം.!! ഇങ്ങനെയും എയർപ്പോർട്ടുകളോ.?

 
അവിശ്വസനീയം.!! ഇങ്ങനെയും എയർപ്പോർട്ടുകളോ.?

ഹിമാലയൻ പർവതനിരകളിലും അറ്റ്ലാന്റിക് സമുദ്രത്തിലെ ക്ലിഫ് സൈഡിൽ കൊത്തിയെടുത്തതുമായ വിമാനത്താവളങ്ങളെ പറ്റി കേട്ടിട്ടുണ്ടോ.?എങ്കിലിതാ ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്നുള്ള അതിശയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ വിമാത്താവളങ്ങൾ പരിചയപ്പെടാം.

നേപ്പാളിലെ ലുക്ലയിലുള്ള ടെൻസിംഗ്-ഹിലാരി വിമാനത്താവളം, മലഞ്ചെരിവിനപ്പുറം ഒളിഞ്ഞിരിക്കുന്ന ലോകത്തിലെ ഏറ്റവും അപകടകാരിയായ വിമാനത്താവളമാണ്. കാഠ്മണ്ഡുവിൽ നിന്ന് എവറസ്റ്റിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സമയം കുറയ്ക്കുന്നതിനായി 1964 ലാണ് വിമാനത്താവളം നിർമ്മിച്ചത്. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ മനുഷ്യനായ സർ എഡ്മണ്ട് ഹിലാരി, ആദ്യം നിരപ്പായ ഭൂമിയിൽ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിട്ടിരുന്നുവെങ്കിലും അവിടെയുള്ള കർഷകർ അത് തങ്ങളുടെ ഏറ്റവും ഫലഭൂയിഷ്ഠമായ സ്ഥലമാണെന്ന കാരണത്താൽ ഈ സ്ഥലം വിൽക്കാൻ വിസമ്മതിച്ചു. പകരം അദ്ദേഹം 635 യുഎസ് ഡോളറിന് കുത്തനെയുള്ള ഒരു ചരിവ് വാങ്ങി, അന്നുമുതൽ പൈലറ്റുമാർ കുത്തനെയുള്ള ചരിവും, പ്രതികൂല കാലാവസ്ഥയുമെല്ലാം തരണം ചെയ്ത് ഇവിടെ വിമാനമിറക്കുന്നു.

ഒരേസമയം ഭയപ്പെടുത്തുന്നതും മനോഹരവുമായ പ്രിൻസസ് ജൂലിയാന അന്താരാഷ്ട്ര വിമാനത്താവളം റൺ‌വേയുടെ അവസാനത്തിൽ മഹോ ബീച്ചിൽ ഒത്തുകൂടുന്ന ജനക്കൂട്ടത്തിന് പേരുകേട്ടതാണ്. സെന്റ് മാർട്ടനിലെ അക്വാ ബ്ലൂ ബേയ്ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങൾക്ക്കീഴെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ജനം കൂടിനിൽപ്പുണ്ടാകും. ബീച്ചിലെ മണലിൽ കൊടുംകാറ്റ് തീർത്തുകൊണ്ട് വിമാനം ലാൻഡ് ചെയ്യുമ്പോൾ ചിത്രം പകർത്തിയും വിമാനത്തിന് നേരെ കൈ വീശിയും ജനങ്ങൾ ആവേശം കൊള്ളുന്നു. ഈ സമയം വിമാനത്തിനും ബീച്ചിനുമിടയിൽ ശരിയായ ഉയരം നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ പൈലറ്റുമാർ നിരന്തരം പരിശോധനകൾ നടത്തേണ്ടതുണ്ട്. എന്നാൽ ടേക്ക് ഓഫിൻറെ സമയത്തുള്ള ബുദ്ധിമുട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ നിസാരമാണ്. ടേക്ക് ഓഫ് ചെയ്യുമ്പോൾ റൺ‌വേയുടെ അവസാനത്തിൽ‌ സ്ഥിതിചെയ്യുന്ന വലിയ പർ‌വ്വതങ്ങൾ‌ ഒഴിവാക്കാനായി‌ വിമാനങ്ങൾ വായുവിൽ ഉയർന്ന ഉടൻ തന്നെ സങ്കീർണമായൊരു യു-ടേൺ‌ ആവശ്യമാണ്.

ബീച്ചിൽ വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് സ്കോട്ട്‌ലൻഡിലെ ഔട്ടർ ഹെബ്രിടീസിലുള്ള ഇലിഗാറിയിലെ വിമാനത്താവളം. ബാര ദ്വീപിന്റെ വടക്കേ അറ്റത്തുള്ള വിശാലമായ ആഴമില്ലാത്ത ഉൾക്കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ മൂന്ന് റൺ‌വേകളാണുള്ളത്. ത്രികോണാകൃതിയിലുള്ള ഇവ തടി തൂണുകളാൽ അടയാളപ്പെടുത്തിയിരിക്കുന്നു. എന്നാൽ കുറഞ്ഞ വേലിയേറ്റത്തിൽ മാത്രമേ ഈ അടയാളങ്ങൾ ഉപയോഗിക്കാൻ കഴിയൂ. ഉയർന്ന വേലിയേറ്റത്തിൻറെ സമയം സമുദ്രജലത്താൽ മൂടപ്പെട്ട് റൺവേകൾ അപ്രത്യക്ഷമാകുന്നു. അതുകൊണ്ടുതന്നെ വേലിയേറ്റത്തിനനുസരിച്ച് ഫ്ലൈറ്റ് സമയങ്ങൾ വ്യത്യാസപ്പെടുന്നു.

ഒരൽപം സ്ഥലത്ത് ഞെങ്ങിഞെരുങ്ങി സ്ഥിതിചെയ്യുകയാണ് ജിബ്രാൾട്ടർ അന്താരാഷ്ട്ര വിമാനത്താവളം. ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറി ഓഫ് ജിബ്രാൾട്ടറിന്റെ വലിപ്പം 6.8 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. തിരക്കേറിയ ഒരു നഗരം, തുറമുഖം, ഒരു കൂറ്റൻ ചുണ്ണാമ്പുകല്ല് പർവതം, ഇവയോടെല്ലാം ചേർന്നുകൊണ്ട് ഒരു കുഞ്ഞൻ വിമാനത്താവളം. ജിബ്രാൾട്ടറിന്റെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നായ വിൻസ്റ്റൺ ചർച്ചിൽ അവന്യൂവും ഇതിനെ വിഭജിക്കുന്നു. റൺ‌വേ മുറിച്ചാണ് ഈ റോഡ് കടന്നുപോകുന്നത്. റൺവേയിലൂടെ വിമാനം കടന്നുപോകുന്ന സമയങ്ങളിൽ ഇതിലൂടെയുള്ള ഗതാഗതം നിർത്തിവയ്ക്കുന്നു. ഇത്രയേറെ പരിമിതികൾക്കിടയിലും വികസനങ്ങൾ പ്രാവർത്തികമാക്കാനാകുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജിബ്രാൾട്ടർ അന്താരാഷ്ട്ര വിമാനത്താവളം.

ലെസോത്തോയിലെ മാറ്റേക്കെയ്ൻ എയർ സ്ട്രിപ്പിലെ റൺ‌വേയിൽ നിന്ന് വിമാനങ്ങൾ പറക്കുന്നത് ഒരു അമ്മപ്പക്ഷി അതിൻറെ കുഞ്ഞിനെ പറക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് കൂട്ടിൽ നിന്ന് പുറത്തേക്ക് തള്ളിയിടുന്നതുപോലെയാണ്. വളരെ ഉയരത്തിലുള്ള പർവതങ്ങളിൽ സ്ഥിതിചെയ്യുന്ന റൺവേയ്ക്ക് 1,300 അടി നീളമുണ്ട്. ഇതവസാനിക്കുന്നിടത്ത് പേടിപ്പെടുത്തുന്ന രണ്ടായിരമടി താഴ്ച്ചയാണ്. ചാരിറ്റി സംഘടനകളും ഡോക്ടർമാരും ഈ പ്രദേശത്തെ വിദൂര ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാനായാണ് ഈ എയർ സ്ട്രിപ്പ് ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവർ സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് ഇവിടെയെത്തുന്നത്.

ആൽപ്സ് പർവ്വതനിരകളുടെ ഒരു ഭാഗമായ ഫ്രഞ്ച് ആൽ‌പ്സിൻറെ മനോഹാരിതയ്ക്ക് നടുവിലാണ് കോർഷെവെൽ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. 1,788 അടി നീളമുള്ള ചെറിയ റൺവേ അവസാനിക്കുന്നത് കുത്തനെയുള്ള ഇറക്കത്തിലാണ്. ഈ സ്ഥലം സ്കീയിങ് ട്രാക്കുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കോർഷെവെലിൽ‌ ലാൻ‌ഡിംഗിനെ അപകടകരമാക്കുന്നത് ആൽ‌പ്സ് പർവ്വതനിരകൾ തന്നെയാണ്. വിമാനത്താവളത്തിന്റെ എല്ലാ വശങ്ങളും പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വിദഗ്ദ്ധരായ പൈലറ്റുമാർക്ക് മാത്രമേ ഇവിടെ വിമാനമിറക്കാൻ ആവുകയുള്ളു.

ലോകത്തിലെ ഏറ്റവും ഉപയോഗശൂന്യമായ വിമാനത്താവളം എന്നാണ് സെന്റ് ഹെലന വിമാനത്താവളം അറിയപ്പെടുന്നത്. 1999 ലാണ് ആദ്യമായി വിമാനത്താവളം എന്ന ആശയം ആവിഷ്കരിച്ചത്. ഇത് 2015 ൽ പൂർത്തീകരിച്ചെങ്കിലും ഉടൻ തന്നെ ‘പ്രവർത്തനരഹിതം’ എന്ന് പ്രഖ്യാപിച്ചു. ഒരു മലഞ്ചെരിവിനരികിൽ ഇങ്ങനെയൊരു വിമാനത്താവളം നിർമ്മിച്ചത് അപകടമാണെന്ന് മനസ്സിലാക്കിയതും, കടലിൽ നിന്നുള്ള കാറ്റ് ശക്തമായതുമായിരുന്നു ഇതിനു കാരണം. ഇതോടെ ലണ്ടനിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾക്കുള്ള പദ്ധതികൾ ഉപേക്ഷിക്കപ്പെട്ടു. 2016 ജൂണിൽ വിമാനത്താവളം തുറന്നെങ്കിലും അപകടകരമായ കാറ്റ് കാരണം വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടർന്നു. 2017 ഏപ്രിൽ ആദ്യം വരെ 32 സ്വകാര്യ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്തു. ഈ വിമാനങ്ങൾ കൂടുതലും ബിസിനസ്സ് യാത്രക്കാർക്കോ കുടിയൊഴിപ്പിക്കൽ പ്രക്രിയകൾക്ക് വേണ്ടിയോ ആണ്. വിദഗ്ദ്ധരായ പൈലറ്റുമാർക്ക് മാത്രമാണ് ഇവിടെ വിമാനമിറക്കാൻ അവസരം ലഭിക്കുക.

Related Topics

Share this story