Times Kerala

യുവതി ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

 
യുവതി ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ബേക്കല്‍: യുവതിയെ വീടിനുള്ളിൽ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ്‌ അറസ്റ്റില്‍. അമ്പലത്തറ, പാറപ്പള്ളി, മഖാമിനു സമീപത്തെ റസാഖി(30)നെയാണ്‌ ബേക്കല്‍ ഡിവൈ എസ്‌ പി പി കെ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്‌തത്‌. സ്ത്രീപീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിന് പുലര്‍ച്ചെയാണ് നൗഫീറയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.പ്രവാസിയായ റസാഖ് ഗള്‍ഫിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയില്‍ ബന്ധുക്കള്‍ തലേന്ന് രാത്രി വിരുന്ന് നല്‍കിയിരുന്നു. ഇതിനു ശേഷം വെളുപ്പിന് ഒരുമണിക്കാണ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. ബന്ധുവീട്ടില്‍ വെച്ച് റസാഖും നൗഫീറയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പോലീസ് കണ്ടത്തി. അവിടെ വെച്ച് നൗഫീറയെ റസാഖ് മർദിക്കുകയും ചെയ്തിരുന്നു.തുടർന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തിയശേഷം നൗഫീറ കാറില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചു. റസാഖ് ഏറെ നിര്‍ബന്ധിച്ച ശേഷമാണ് കാറില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഇരുവരുംസാധാരണ കിടക്കാറുള്ള മുറിയിലേക്ക് പോകാതെ നൗഫീറ രണ്ടാം നിലയിലെ മുറിയിലേക്കാണ് പോയത്.

പുലര്‍ച്ചെ റസാഖ് മുറിയുടെ വാതില്‍ മുട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നിയ റസാഖ് വാതില്‍ വെട്ടിപ്പൊളിച്ച്‌ അകത്തു കയറിയപ്പോൾ നൗഫീറ ചൂരിദാറിന്റെ ഷാളില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ ഷാള്‍ മുറിച്ച്‌ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല, മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന്‌ പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാണ്‌ പോസ്റ്റുമോര്‍ട്ടം നടത്തിയത്‌. തൂങ്ങിമരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Related Topics

Share this story