കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി രാജ്യത്തിന് വലിയ വിസ്മയമാകുമെന്ന് ഉറപ്പാണ്. അത്രമാത്രം കരുതലോടെയാണ് നിർമാണം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും എംപിമാരുടെ ചേംബറിലേക്കും തുരങ്കമുണ്ടാകും. സുരക്ഷ ശക്തിപ്പെടുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്ന് സൂചന. വിശിഷ്ട വ്യക്തികൾക്ക് മാത്രം പോകാവുന്ന തരത്തിലാകും തുരങ്കത്തിന്റെ നിർമാണമെന്നും ടണൽ ഒറ്റവരിപ്പാതയായിരിക്കുമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 20,000 കോടി രൂപയിലേറെ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു നിലവിലുള്ള പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണു നിർമിതി. വരാന്തയ്ക്കു ചുറ്റുമുള്ള 144 തൂണുകൾ മന്ദിരത്തിന്റെ മോടി കൂട്ടുന്നു. 12 കവാടങ്ങളുണ്ട്. കെട്ടിടത്തിന്റെ നടുക്കാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള 3 ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്നു രാജ്യസഭയുമാണ്. മൂന്നാമത്തേത് ലൈബ്രറി. 1921 ഫെബ്രുവരി 12 നു തറക്കല്ലിട്ട കെട്ടിടം 6 വർഷം കൊണ്ടാണു പൂർത്തിയായത്.സർ എഡ്വേഡ് ലുട്യൻസും സർ ഹർബട്ട് ബേക്കറുമായിരുന്നു മേൽനോട്ടം. 1927 ജനുവരി 18 ന് അന്നത്തെ ഗവർണർ ജനറലായിരുന്ന ലോഡ് ഇർവിൻ മന്ദിരം തുറന്നു കൊടുത്തു. അന്ന് 83 ലക്ഷം രൂപയായിരുന്നു ചെലവ്.
നിലവിൽ ശ്രംശക്തി ഭവനിരിക്കുന്ന സ്ഥലത്താകും എംപിമാർക്കുള്ള ഓഫിസ് സമുച്ചയം നിർമിക്കുക. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കരാർ 861.9 കോടി രൂപയ്ക്കു ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് സ്വന്തമാക്കിയിരിക്കുന്നത്. 64,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുതിയ മന്ദിരങ്ങളുടെ ആകെ ചിലവാണു 971 കോടി രൂപ. നിലവിലെ പാർലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണു പുതിയ മന്ദിരവും.
Comments are closed.