തേസ്പൂർ: അധികാരത്തിലെത്തിയാൽ അസമിൽ പൗരത്വനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. പൗരത്വനിയമം റദ്ദാക്കുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രിയങ്ക പറഞ്ഞു. തേസ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് പ്രിയങ്കയുടെ പ്രഖ്യാപനം.
അഞ്ചിന ഉറപ്പ് എന്ന ക്യാമ്പയിനിന് തുടക്കമിട്ട പ്രിയങ്ക അധികാരത്തിലെത്തിയാൽ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നും പറഞ്ഞു. തേയില തോട്ടം തൊഴിലാളികളുടെ ദിവസ വേതനം 167 രൂപയിൽ നിന്നും 365 രൂപയാക്കി ഉയർത്തുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. അസമിന്റെ പരമ്പരാഗത ഷാൾ കഴുത്തിലണിഞ്ഞാണ് പ്രിയങ്ക പ്രചാരണത്തിനെത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന അസമിൽ കോൺഗ്രസും ഇടതുപക്ഷവും എഐയുഡിഎഫും ഉൾപ്പെടെ ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. ബിജെപിയെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസും ഇടതുപക്ഷവും കൈകോർത്തത്. 126 അംഗ നിയമസഭയിലേയ്ക്ക് അഞ്ച് ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പ് മാർച്ച് 27നാണ് ആരംഭിക്കുക.
Comments are closed.