chem

‘കശ്മീരിന്റെ പദവി ഇല്ലാതാക്കിയ മോദിയെ പ്രശംസിച്ചു’;  ഗുലാം നബിയുടെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ

മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിലുമാണ് പ്രതിഷേധം. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന ആർക്കെതിരെയും പോരാടുമെന്നും പാർട്ടി പതാകകൾ ഉയർത്തി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

“കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിനായി ആസാദിന്റെ നേതൃത്വത്തിൽ ജമ്മുവിൽ ജി-23 യോഗം ചേർന്നു. ബിജെപിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയ മോദിയെ പ്രശംസിക്കുന്നത് എങ്ങനെ സഹിക്കും? ആസാദ് നിരവധി തവണ രാജ്യസഭാംഗമായിരുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു. കോൺഗ്രസ് ഉന്നത സ്ഥാനങ്ങൾ നൽകി. കോൺഗ്രസ് ദുർബലമായിരിക്കുമ്പോൾ തന്റെ അനുഭവ സമ്പത്ത് പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാനാണ് ഉപയോഗിക്കേണ്ടിയിരുന്നത്.” – പ്രതിഷേധത്തിനിടെ ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

പ്രധാനമന്ത്രിയായിട്ടും വന്ന വഴി മറക്കാത്ത മോദിയെ കണ്ടു ജനങ്ങൾ പഠിക്കണമെന്നാണ്  ആസാദ് പറഞ്ഞത്. സ്വന്തം വേരുകൾ മറക്കാത്തയാളാണു മോദി. ചായ വിൽപനക്കാരനെന്ന് അദ്ദേഹം അഭിമാനത്തോടെ വിശേഷിപ്പിക്കുന്നു. മോദിയുമായി തനിക്കു രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം വിനയമുള്ള വ്യക്തിയാണെന്നും ആസാദ് പറഞ്ഞു.

രാജ്യസഭയിൽ നിന്ന് വിരമിച്ച ദിവസം ഗുലാംനബി ആസാദിന് മോദി കണ്ണീരോടെ യാത്രയയപ്പ് നൽകിയതും വാർത്തയായിരുന്നു.

You might also like

Comments are closed.