chem

കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്നു; വി മുരളീധരൻ

മൂവാറ്റുപുഴ: കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാരാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. കൊച്ചിയിലെ വാട്ടർ മെട്രോ, വയനാട് തുരങ്കപാത തുടങ്ങി പൂർത്തീകരിക്കാൻ കഴിയാത്ത പദ്ധതികളുടെ നീണ്ട പട്ടികയാണ് സർക്കാർ ബാക്കിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നൂറ് ദിന പദ്ധതികൾ എന്ന പേരിൽ ആദ്യം നൂറ് പ്രഖ്യാപനങ്ങൾ സർക്കാർ നടത്തി. ആദ്യ നൂറ് ദിനം കഴിഞ്ഞപ്പോൾ മറ്റൊരു നൂറ് ദിന പ്രഖ്യാപനങ്ങൾ നടത്തുകയാണ് സർക്കാർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ എറണാകുളം ജില്ലയിലെ സമാപന സമ്മേളനം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചിയിലെ ലക്ഷക്കണക്കിനാളുകൾക്ക് പ്രയോജനപ്പെടേണ്ടിയിരുന്ന വാട്ടർ മെട്രോ പൂർത്തീകരിക്കാതെ ഉദ്ഘാടനം ചെയ്തു. ‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്നത് മറ്റൊരു പ്രഖ്യാപനമായി മാത്രം മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും വിൽപ്പന നടത്താൻ കേന്ദ്രം കൊണ്ട് വന്ന കാർഷിക നിയമം വഴിയൊരുക്കി. അതിന്റെ ഗുണഫലങ്ങൾ കൈതച്ചക്ക കൃഷിക്ക് പ്രധാന്യമുള്ള മൂവാറ്റുപുഴയിലെ കർഷകർക്കും ലഭിച്ചു. കേരളത്തിൽ നേന്ത്രക്കായക്കും, മരച്ചീനിക്കുമൊന്നും സംസ്ഥാന സർക്കാരിന്റെ തറവില പ്രഖ്യാപനത്തിന്റെ ഗുണം ലഭിച്ചില്ല. ഉറപ്പാണ് എൽ.ഡി.എഫ് എന്ന പ്രഖ്യാപനം ചവറ്റുകുട്ടയിലേക്ക് തള്ളാനുള്ള ഉത്തരവാദിത്വം കേരളത്തിലെ ജനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ വികസന നയത്തിന് അനൂകൂലമായി വിധി എഴുതണോ എന്നാണ് കേരളത്തിലെ ജനങ്ങൾ ചിന്തിക്കേണ്ടത്. തമിഴ് നാട്ടിലും, പോണ്ടിച്ചേരിയിലും ഇക്കുറി എൻ.ഡി.എ സർക്കാർ അധികാരത്തിലേറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വികസന പ്രക്രിയകൾക്ക് രാജ്യത്തുടനീളം പിന്തുണ ലഭിക്കുന്നു. ഇതാണ് വിവിധ സംസ്ഥാനങ്ങളിൽ എൻ.ഡി.എ സർക്കാരുകൾ വരാൻ കാരണം.

യു.ഡി.എഫ് സർക്കാരിന്റെ അഴിമതി കണ്ട് മടുത്താണ് കേരളം കമ്യൂണിസ്റ്റ് സർക്കാരിനെ തെരഞ്ഞെടുത്തത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ലീഗാണ് കേരളം ഭരിച്ചത്. വീണ്ടും അധികാരത്തിലെത്തിയാൽ കേരളത്തിലെ കോൺഗ്രസിനെ നിയന്ത്രിക്കുക വീണ്ടും മുസ്ലീം ലീഗ് ആയിരിക്കുമെന്ന ആശങ്ക കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനുണ്ട്. ഒരിക്കൽ കൂടി  യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കേരളം വീണ്ടും ഭീകരവാദത്തിന്റെ കേന്ദ്രമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

Comments are closed.