chem

പ്രമുഖ ബംഗാളി നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു

കൊൽക്കത്ത: പ്രമുഖ ബംഗാളി നടി ശ്രാവന്തി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്, കൈലാഷ് വിജയവർഗിയ എന്നിവരുടെ സാന്നിധ്യത്തിലാണ് ശ്രാവന്തി പാർട്ടി അംഗത്വം സ്വീകരിച്ചത്. ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലേയ്ക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുകയാണ്.

ബംഗാളിനെ ‘സുവർണ ബംഗാൾ’ ആക്കുക എന്നതാണ് ലക്ഷ്യമെന്നും ഇത് തികച്ചും പുതിയ യാത്രയാണെന്നും പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം ശ്രാവന്തി പറഞ്ഞു. ഹിരാൻ ചാറ്റർജി, യഷ് ദാസ് ഗുപ്ത, പായൽ സർക്കാർ, പാപ്പിയ അധികാരി എന്നീ പ്രമുഖർക്ക് പിന്നാലെയാണ് ശ്രാവന്തിയും ബിജെപിയിലെത്തിയത്.

ബിജെപിയിൽ ചേർന്നതിന് പിന്നാലെ ശ്രാവന്തി പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് ശ്രാവന്തി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ മാതൃകയെന്നും സംസ്ഥാനത്തിന്റെ വികസനത്തിനായാണ് ബിജെപിയിൽ ചേർന്നതെന്നും ശ്രാവന്തി പറഞ്ഞു.

You might also like

Comments are closed.