Times Kerala

20 വർഷമായി ഒളിവിൽ; ആറ്റിങ്ങല്‍ അയ്യപ്പന്‍ ഒടുവില്‍ പൊലീസ് വലയില്‍

 
20 വർഷമായി ഒളിവിൽ; ആറ്റിങ്ങല്‍ അയ്യപ്പന്‍ ഒടുവില്‍ പൊലീസ് വലയില്‍

തിരുവനന്തപുരം: ഇരുപത് വർഷത്തിലേറെയായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പൻ എന്ന് അറിയപ്പെടുന്ന ബിജു (50) പോലീസ് പിടിയിലായി. സംസ്ഥാനത്തൊട്ടാകെയായി കൊലപാതകം, വധശ്രമം , മോഷണം അടക്കം ഒട്ടനവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ് ബിജു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. നേരത്തെ പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോട്ടയം പൊൻകുന്നത്തുള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്.

പോലീസ് പിടിയിലാകുമെന്ന് മനസിലായതോടെ വ്യാജ പാസ്പ്പോർട്ട് ഉപയോഗിച്ച്‌ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ, ന്യൂഡൽഹി, മുംബൈ എയർപോർട്ടുകൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്ന് പോയിരുന്നുവെങ്കിലും ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവിൽ ബെംഗളൂരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി പ്രതി ഒളിവിൽ താമസിച്ചിരുന്നു.

കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടൻ വധകേസിലെയും തിരുവനന്തപുരം തിരുവല്ലത്ത് അബ്ദുൾ ജാഫർ വധകേസിലെയും പ്രധാന പ്രതിയാണ് പിടിയിലായ ബിജു എന്ന ആറ്റിങ്ങൽ അയ്യപ്പൻ. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, തിരുവനന്തപുരം മെഡിക്കൽ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമ കേസുകൾ അടക്കം നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് പി കെ മധുവിന്റെ നേതൃത്തിൽ ഉള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ആറ്റിങ്ങൽ ഡി വൈ എസ് പി പി ഗോപകുമാർ , എസ് എച്ച് ഒ റ്റി രാജേഷ് കുമാർ, സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ, റൂറൽ എസ് പിയുടെ ഷാഡോ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ബിജു ഹക്ക്, ഫിറോസ് ഖാൻ, എ എസ് ഐമാരായ ബി ദിലീപ്, ആർ ബിജുകുമാർ, സി പി ഒ സുധീർ, സുനിൽരാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Related Topics

Share this story