Times Kerala

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

 
ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു. ശ്രീചിത്രയിലെ 28 വര്‍ഷങ്ങള്‍ നീണ്ട സേവനത്തിന് ശേഷമാണ് ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തുന്നത്.

ഇന്ത്യയിലെ തന്നെ പൂര്‍ണ പരിശീലനം സിദ്ധിച്ച ആദ്യ മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സ്‌പെഷ്യലിസ്റ്റുകളില്‍ ഒരാളാണ് ഡോ. ആശ. 1999-ല്‍ ഇന്ത്യയില്‍ പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെ ചലന വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പ്രോഗ്രാമിന് തുടക്കമിടുന്നതിലും അവര്‍ മുഖ്യ പങ്ക് വഹിച്ചു. ശ്രീചിത്രയില്‍ കോംപ്രിഹെന്‍സിവ് കെയര്‍ സെന്റര്‍ ഫോര്‍ മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് (സിസിസിഎംഡി) സ്ഥാപിക്കുന്നതിലും ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററുമായി ചേര്‍ന്ന് ചെലവ് കുറഞ്ഞ ഡിബിഎസ് സിസ്റ്റം വികസിപ്പിക്കുന്നതിലും അവര്‍ നേതൃത്വം നല്‍കി.

70-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ചിട്ടുള്ള ഡോ. ആശ മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സംബന്ധിച്ച നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ പേപ്പറുകള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story