Times Kerala

വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 
വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കോവിഡാനന്തര സാഹചര്യം സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അവസരമാക്കി മാറ്റുന്നത് ലക്ഷ്യമിട്ട് വെര്‍ച്വലായി നടത്തുന്ന കേരള ട്രാവല്‍ മാര്‍ട്ട് 2021 മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കവടിയാര്‍ ഉദയ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഫെബ്രുവരി 28 ന് വൈകീട്ട് 7.30 നാണ് ഉദ്ഘാടനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്.

മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് വെര്‍ച്വല്‍ കെടിഎമ്മിലെ വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് വെര്‍ച്വലായി നടത്തുന്നത് കേരള ടൂറിസത്തിന്‍റെ പുനരുജ്ജീവനത്തിനുള്ള സുപ്രധാന കാല്‍വയ്പാണ്.

സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. മേയര്‍ കുമാരി ആര്യ രാജേന്ദ്രന്‍ എസ്, ഡോ.ശശി തരൂര്‍ എംപി, അഡ്വ. വി കെ പ്രശാന്ത് എംഎല്‍എ, കെ.ടി.ഡി.സി ചെയര്‍മാന്‍ ശ്രീ എം.വിജയകുമാര്‍, സംസ്ഥാന ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍ കൃഷ്ണ തേജ ഐ.എഎസ്, കൗണ്‍സിലര്‍ എസ്.സതികുമാരി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ശ്രീ. ബേബി മാത്യു സോമതീരം, സെക്രട്ടറി ശ്രീ ജോസ് പ്രദീപ്, മുന്‍ പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

https://us02web.zoom.us/j/84120711689?pwd=eUxxZ3E2UXE0WTJkd0NmVjNWQlZ0QT09 എന്ന ലിങ്കിലൂടെ ഉദ്ഘാടന പരിപാടി തത്സമയം കാണാന്‍ സാധിക്കും.

കോവിഡ് ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളെ നേരിട്ട് പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ടൂറിസം മേഖല കടന്നു പോയതെന്നും ഈ പ്രതിസന്ധികളെ അവസരമായി മാറ്റാനുള്ള സംരംഭമാണ് കേരള ട്രാവല്‍ മാര്‍ട്ട് എന്ന് വാര്‍ത്താസമ്മേളനത്തില്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

600 സെല്ലര്‍മാര്‍, 500 വിദേശ ബയേഴ്സ്, 1500 ടൂര്‍ ഓപ്പറേറ്റര്‍മാര്‍, 40,000ഓളം ബിസിനസ് മീറ്റുകള്‍ എന്നിവ കേരള ട്രാവല്‍ മാര്‍ട്ടില്‍ പ്രതീക്ഷിക്കുന്നതായി കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ശ്രീ. ബേബി മാത്യു സോമതീരം പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും കെടിഎമ്മില്‍ തുല്യപ്രാധാന്യം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ്ജ് ഐ.എ.എസ്, ടൂറിസം ഡയറക്ടര്‍ ശ്രീ. വി.ആര്‍ കൃഷ്ണ തേജ ഐ.എഎസ്, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്‍റ് ശ്രീ. ഇ.എം.നജീബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

കോവിഡിനു ശേഷം കേരളത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ വരുമാനസ്രോതസ്സായ ടൂറിസത്തെ തിരികെ കൊണ്ടുവരാനുള്ള കെടിഎമ്മിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രമത്തിന്‍റെ ഭാഗമായാണ് വെര്‍ച്വല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്.

കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയിലെ എല്ലാ അംഗങ്ങളും വെര്‍ച്വല്‍ മാര്‍ട്ടില്‍ പങ്കാളിത്തം ഉറപ്പു തന്നിട്ടുണ്ട്. സംസ്ഥാനത്തെ ടൂറിസം രംഗത്തെ എല്ലാ വൈവിദ്ധ്യമാര്‍ന്ന ഉത്പന്നങ്ങളും മാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതു വഴി രാജ്യത്തിന്‍റെയും ലോകത്തിന്‍റെയും വിവിധ ഭാഗങ്ങളിലുള്ള ബയേഴ്സിന് കേരളത്തിന്‍റെ മികവ് നേരിട്ട് മനസിലാക്കാനാകും. ഇതു കൂടാതെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാര്‍ട്ടില്‍ പങ്കെടുക്കുന്ന ബയേഴ്സിനും സെല്ലേഴ്സിനും ആശയവിനിമയം നടത്താനുള്ള സംവിധാനവും ഒരുക്കും.

2018 ലെ പ്രളയത്തിനു ശേഷം ടൂറിസം മേഖലയിലുണ്ടായിരുന്ന വലിയ ആശങ്ക ദൂരീകരിക്കാന്‍ അക്കൊല്ലം തന്നെ നടത്തിയ കേരള ട്രാവല്‍ മാര്‍ട്ടിനു കഴിഞ്ഞിരുന്നു. കേരളം ശക്തമായി തിരിച്ചു വന്നുവെന്ന സന്ദേശമാണ് അന്ന് നല്‍കാന്‍ സാധിച്ചത്. അതേ മാതൃകയില്‍ കൊവിഡ് വെല്ലുവിളിയെ സംസ്ഥാനം അതിജീവിച്ച യാഥാര്‍ത്ഥ്യങ്ങളാണ് വെര്‍ച്വല്‍ കെടിഎമ്മിലൂടെ മുന്നോട്ടു വയ്ക്കുന്നത്. വലിയ തോതില്‍ വിദേശനാണ്യ വരുമാനം നേടിത്തരുന്ന വ്യവസായമെന്ന നിലയില്‍ ടൂറിസം മേഖലയ്ക്ക് കൊവിഡുമൂലമുണ്ടായ ക്ഷീണം സംസ്ഥാനത്തിന്‍റെ ആകെ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ്.

കോവിഡിനെതിരായി കേരളം കൈക്കൊണ്ട നടപടികള്‍ ഇന്ന് ലോകപ്രശസ്തമാണ്. ഈ സല്‍പ്പേര് ഉപയോഗപ്പെടുത്തി ഏറ്റവും വേഗത്തില്‍ തിരികെയെത്താന്‍ കഴിയുന്ന മേഖല ടൂറിസമാണ്. ഈ സാധ്യത മുന്നില്‍ കണ്ടു കൊണ്ടാണ് ടൂറിസം വ്യവസായത്തിലെ ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനയായ കെടിഎം സൊസൈറ്റി വെര്‍ച്വല്‍ മാര്‍ട്ടെന്ന ആശയം മുന്നോട്ടു വച്ചത്.

കേരളത്തിലെ ടൂറിസം വകുപ്പ് എടുത്ത പ്രായോഗിക സമീപനം നിമിത്തം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടായി. നവംബര്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ അവധിയില്ലാത്ത ദിനങ്ങളില്‍ പോലും പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മുറി കിട്ടാത്ത അവസ്ഥയുണ്ടായി. ടൂറിസം വകുപ്പിന്‍റെയും ഹോട്ടലുകള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ തുടങ്ങിയ പങ്കാളികളുടെ സംയോജിച്ചുള്ള പ്രവര്‍ത്തനത്തോടെ കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു വരുന്നു. അന്യസംസ്ഥാനത്തു നിന്നു വരുന്ന സഞ്ചാരികള്‍ ഇക്കാര്യം എടുത്തു പറയുന്നതും സംസ്ഥാനത്തിന് നേട്ടമായി.

ദുരിതത്തിലാണ്ട ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ സഹായപദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംരംഭകര്‍ക്കും ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. സംസ്ഥാനതല ബാങ്കേഴ്സ് സമിതി സംരംഭകര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതിന്‍റെ ഒരു വര്‍ഷത്തെ പലിശയുടെ പകുതി സംസ്ഥാന സര്‍ക്കാര്‍ സബ്സിഡിയായാണ് നല്‍കുന്നത്. ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് 20,000 മുതല്‍ 30,000 രൂപവരെ കേരള ബാങ്കില്‍ നിന്ന് വായ്പ അനുവദിക്കും. 9 ശതമാനം പലിശയ്ക്കാണ് ഈ വായ്പ നല്‍കുന്നതെങ്കിലും 3 ശതമാനം പലിശ തൊഴിലാളികള്‍ അടച്ചാല്‍ മതിയാകും. 6 ശതമാനം പലിശ സര്‍ക്കാര്‍ സബ്സിഡി നല്‍കും.

കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെ അംഗീകാരമുള്ള 328 ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒറ്റത്തവണ സഹായമെന്ന നിലയില്‍ 10,000 രൂപ നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തു. പുരവഞ്ചികളുടെ അറ്റകുറ്റപ്പണികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപ വരെ സഹായം നല്‍കും. പുരവഞ്ചികളിലെ കിടപ്പുമുറികളുടെ എണ്ണം കണക്കിലെടുത്ത് 80,000 മുതല്‍ ഒന്നേകാല്‍ ലക്ഷം വരെയാണ് ഈ സഹായം.

ഹോംസ്റ്റേകള്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വാണിജ്യ നികുതി വീട്ടുകരമായി നിലനിറുത്താനുള്ള തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ എടുത്തു. ഇത് സംസ്ഥാനത്തെ നൂറുകണക്കിന് ഹോംസ്റ്റേ സംരംഭകര്‍ക്കാണ് ആശ്വാസമാകുന്നത്.

Related Topics

Share this story