Times Kerala

ഉത്തരവാദിത്ത ടൂറിസത്തിന് ദേശീയ പുരസ്കാരം

 
ഉത്തരവാദിത്ത ടൂറിസത്തിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ പുരസ്കാരം. ഒറീസയിലെ കൊണാര്‍ക്കില്‍ നടന്ന ആറാമത് ഇന്ത്യന്‍ റെസ്പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡുകളിലാണ് ബെസ്റ്റ് ഫ്യൂച്ചര്‍ ഫോര്‍വേര്‍ഡ് സ്റ്റേറ്റ് കാറ്റഗറിയില്‍ സുവര്‍ണ പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തില്‍ സില്‍വര്‍ അവാര്‍ഡ് ഒറീസ നേടി.

2017 ല്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതിനൊന്നാമത്തെ പുരസ്കാരമാണിത്. ഡബ്ല്യുടിഎം ഗോള്‍ഡ്, ഗ്രാന്‍റ്, ഹൈലി കമന്‍റഡ്, പാറ്റാ ഗോള്‍ഡ് ഉള്‍പ്പെടെ 5 അന്തര്‍ദേശീയ അവാര്‍ഡുകളും 6 ദേശീയ അവാര്‍ഡുകളും മിഷന്‍ രൂപീകരിച്ച് 4 വര്‍ഷത്തിനുള്ളില്‍ കേരളം സ്വന്തമാക്കി. സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് ലഭിച്ച വേള്‍ഡ് സസ്റ്റൈനബിള്‍ ടൂറിസം അവാര്‍ഡും ഡബ്ല്യുടിഎം ഔട്ട് സ്റ്റാന്‍റിംഗ് അച്ചീവ്മെന്‍റ് അവാര്‍ഡും ഇന്ത്യന്‍ റെസ്പോണ്‍ സിബിള്‍ ടൂറിസം ലീഡര്‍ അവാര്‍ഡും ഇതില്‍ ഉള്‍പ്പെടുന്നു.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡില്‍ അതിയായ സന്തോഷമുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്‍റെ ജനകീയ ടൂറിസം നിലപാടുകള്‍ക്കുള്ള അംഗീകാരമാണിതെന്നും ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ മദ്ധ്യപ്രദേശില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഉത്തരവാദിത്ത ടൂറിസത്തിന് ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ ഗുണഭോക്താക്കളായുണ്ട്. ആകെയുള്ള 20019 യൂണിറ്റുകളില്‍ എണ്‍പത്തിയഞ്ചു ശതമാനവും വനിതകള്‍ നയിക്കുന്ന യൂണിറ്റുകളാണ്. തദ്ദേശീയ യൂണിറ്റുകള്‍ക്ക് 38 കോടി രൂപയുടെ വരുമാനം നേടാനായി.

സുസ്ഥിര ടൂറിസം വികസനത്തില്‍ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി. റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്നും അതിന് ഈ അവാര്‍ഡ് കൂടുതല്‍ കരുത്തേകുമെന്നും ടൂറിസം ഡയറക്ടര്‍ ശ്രീ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു.

കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ അംഗങ്ങളായ ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

Related Topics

Share this story