Times Kerala

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു

 
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു

ദമ്മാം: പ്രശസ്തകവിയും, അധ്യാപകനും, ഭാഷാ പണ്ഡിതനും, സാംസ്ക്കാരിക നായകനുമായിരുന്ന വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി വായനവേദി അനുശോചനം രേഖപ്പെടുത്തി.

ഭാരതത്തിന്റെ പാരമ്പര്യവും ആധുനികതയും ഒന്നുചേര്‍ന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരി. സംസ്‌കാരത്തെക്കുറിച്ചും, ജീവിതത്തിന്റെ പ്രതിസന്ധികളെക്കുറിച്ചുമെല്ലാം വളരെ സൗമ്യമായും താത്വികമായും ചിന്തിക്കുന്ന ആത്മാന്വേഷണങ്ങൾ നിറഞ്ഞ കവിതകളാണ് അദ്ദേഹത്തിന്റേത്. മുറിവേറ്റവന്റെ വേദനകള്‍ ഉപരിപ്ലവമാവാതെ കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പോടെ, തനിമയോടെ അദ്ദേഹം കവിതകളില്‍ അവതരിപ്പിച്ചു.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങള്‍, ഭൂമിഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകള്‍, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങള്‍, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎന്‍എ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവര്‍ത്തനം), കുട്ടികളുടെ ഷേക്‌സ്പിയര്‍ (ബാലസാഹിത്യം), പുതുമുദ്രകള്‍, വനപര്‍വം, സ്വതന്ത്ര്യസമരഗീതങ്ങള്‍, ദേശഭക്തി കവിതകള്‍ (സമ്പാദനം) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും, വയലാർ അവാർഡും, എഴുത്തച്ഛന്‍ പുരസ്‌കാരവും ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌ക്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

വിദഗ്ധനായ ഒരധ്യാപകന്‍ എന്നുള്ള നിലയിലും, മികച്ച വാഗ്മി എന്നുള്ള നിലയിലും, എല്ലാത്തിനുമുപരി മലയാളഭാഷയെ പരിപോഷിപ്പിച്ച പ്രശസ്തനായ കവിയെന്ന നിലയിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയെ എല്ലാക്കാലത്തും ഓർക്കുമെന്ന് നവയുഗം വായനവേദി അനുസ്മരിച്ചു.

Related Topics

Share this story