Times Kerala

പശുവിന്റെ വയറ്റില്‍ നിന്നും 71 കിലോ പ്ലാസ്റ്റിക് മാലിന്യം പുറത്തെടുത്തു ; കണ്ടെത്തിയത് നാണയങ്ങളും സൂചികളും

 
പശുവിന്റെ വയറ്റില്‍ നിന്നും 71 കിലോ പ്ലാസ്റ്റിക് മാലിന്യം പുറത്തെടുത്തു ; കണ്ടെത്തിയത് നാണയങ്ങളും സൂചികളും

ന്യൂഡല്‍ഹി: പശുവിന്റെ വയറ്റില്‍ നിന്നും 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുറത്തെടുത്തു . ഫരീദാബാദിലെ മൃഗാശുപത്രിയിലാണ് സംഭവം നടന്നത് . പ്ലാസ്റ്റിക് മാലിന്യം, സൂചി, ഗ്ലാസ് കഷ്ണങ്ങള്‍, സ്‌ക്രൂ, പിന്‍, നാണയങ്ങള്‍ എന്നിവയാണ് പശുവിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത്. ഏഴ് വയസ്സ് പ്രായമുള്ള പശുവിന്റെ വയറ്റില്‍ നിന്നാണ് മാലിന്യങ്ങള്‍ പുറത്തെടുത്തത്. ഫരീദാബാദില്‍ കാര്‍ ഇടിച്ച്‌ അപകടം പറ്റിയാണ് പശുവിനെ ആശുപത്രിയില്‍ എത്തിച്ചത്.ഫരീദാബാദിലെ തെരുവുകളില്‍ അലഞ്ഞു തിരിയുന്ന പശുവാണ് അപകടത്തില്‍പെട്ടത്.

പരിക്കിന് ചികിത്സ നടത്തുന്നതിനിടയില്‍ പശു വയറ്റില്‍ ഇടയ്ക്കിടയ്ക്ക് തൊഴിക്കുന്നത് കണ്ട് സംശയം തോന്നിയാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധന നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. മൂന്നംഗ ഡോക്ടര്‍മാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 71 കിലോഗ്രാം വരുന്ന അപകടകരമായ മാലിന്യങ്ങള്‍ വയറ്റില്‍ നിന്നും പുറത്തെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.നാല്‍ക്കാലികളുടെ കുടലിനും അന്നനാളത്തിനും വരെ പരിക്കേല്‍ക്കാവുന്ന വസ്തുക്കളാണ് ഏഴ് വയസ്സുള്ള പശുവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്. തെരുവില്‍ ഭക്ഷണം അന്വേഷിച്ച്‌ കഴിക്കുന്നതിനിടയില്‍ ക്രമേണ പശുവിന്റെ വയറ്റില്‍ അടിഞ്ഞുകൂടിയതാകാം ഇത്രയും മാലിന്യമെന്നാണ് കരുതപ്പെടുന്നത്. ഒരു ദിവസം കൊണ്ടോ ഏതാനും ദിവസം കൊണ്ടോ ഇത്രയധികം മാലിന്യങ്ങള്‍ അകത്താക്കാന്‍ പശുവിന് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

Related Topics

Share this story