Times Kerala

ഗോത്ര ജീവിതങ്ങളെ അടുത്തറിയാന്‍ വി.ഇ.ഒ.മാരുടെ ഗോത്രായനം

 
ഗോത്ര ജീവിതങ്ങളെ അടുത്തറിയാന്‍ വി.ഇ.ഒ.മാരുടെ  ഗോത്രായനം

ഗോത്രജനതയുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ജീവിതാനുഭവങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കൊട്ടാരക്കര കില ഇ.റ്റി.സി നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത ഗോത്രസങ്കേതങ്ങളില്‍ വി.ഇ.ഒ.മാര്‍ ഗോത്രായനം നടത്തി. നിലമ്പൂര്‍ ബ്ലോക്കിലെ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം, വെണ്ണേക്കോട്, അമ്പുമല, വെറ്റിലക്കൊല്ലി, പാലക്കയം എന്നീ ഗോത്രവര്‍ഗ സങ്കേതങ്ങളാണ് വി.ഇ.ഒ.മാര്‍ സന്ദര്‍ശിച്ചു പഠനം നടത്തിയത്.

പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ (വി.ഇ.ഒ.)പട്ടികവര്‍ഗ സങ്കേത പഠന പരിശീലനമാണ് ഗോത്രായനം. സങ്കേതങ്ങളിലെ പൊതു സൗകര്യങ്ങള്‍, തൊഴില്‍ ലഭ്യത, വരുമാനം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ തുടങ്ങി സാമൂഹിക, സാമ്പത്തിക- സാംസ്‌ക്കാരിക സ്ഥിതിയും സംഘം നിരീക്ഷിച്ചു മനസിലാക്കി. ആദിവാസി വിഭാഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സംഘം പഠനം നടത്തി.

ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ പദ്ധതികളെക്കുറിച്ച് വി.ഇ.ഒ.മാര്‍ക്ക് ക്ലാസുകളില്‍ നല്‍കുന്ന അറിവിനൊപ്പം ഫീല്‍ഡ് തലത്തിലുള്ള യാഥാര്‍ത്ഥ്യം കൂടി നേരിട്ടു മനസിലാക്കാനുള്ള പരിശീലനമാണിതെന്ന് കില ഇ.റ്റി.സി പ്രിന്‍സിപ്പലായ ഡെപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്ന നിലയില്‍ പഠന പരിശീലത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഭാവി പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് സഹായിക്കുമെന്ന് ഗോത്രായനത്തില്‍ പങ്കെടുത്ത വി.ഇ.ഒ.മാര്‍ പറഞ്ഞു.

നിലമ്പൂര്‍ ബ്ലോക്കുമായി സഹകരിച്ചു നടത്തിയ പഠന പരിശീലന പരിപാടി വി.ഇ.ഒ.മാരായ കെ.പി ശ്രാവണ്‍രാജ്, ഒ.എസ് സരിന്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. പട്ടികവര്‍ഗ പ്രൊമോട്ടര്‍ കല്യാണി കൃഷ്ണന്‍കുട്ടി, ശ്യാംജിത്ത്, സുനില്‍ എന്നിവര്‍ സങ്കേത സന്ദര്‍ശനത്തിന് വി.ഇ.ഒ.മാര്‍ക്ക് പിന്തുണ നല്‍കി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, പട്ടികവര്‍ഗ വികസന വകുപ്പ് അധികൃതരും വിവരങ്ങള്‍ നല്‍കി സഹായിച്ചു.

Related Topics

Share this story