Times Kerala

കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ടിൻ്റെ തകർപ്പൻ പ്രകടനം

 
കാമാത്തിപുരയുടെ റാണിയായി ആലിയാ ഭട്ടിൻ്റെ തകർപ്പൻ പ്രകടനം

ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ‘ *ഗംഗുഭായ് കത്ത്യാവാടി* ‘യുടെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ എറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജൂലൈ 30 നാണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ്റെ ജന്മ ദിനം പ്രമാണിച്ചു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പുതിയ പോസ്റ്ററും ടീസറും പുറത്തിറക്കി . ടീസറിന് മുന്നോടിയായി പുറത്തിറക്കിയ , ആലിയാ ഭട്ട് കസേരക്കു മീതെ കാലുകൾ ഉയർത്തി വെച്ചിരുന്ന പോസ്റ്റർ നിമിഷങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ആളി പടരുകയായിരുന്നു. അതിനു പിറകെ പുറത്തിറങ്ങിയ ടീസർ മണിക്കൂറുകൾക്കകം യൂ ട്യൂബിൽ ദശ ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് വൻ മുന്നേറ്റം തുടുകയാണ്. തകർപ്പൻ പ്രകടനമാണ് ആലിയാ കാഴ്ച വെക്കുന്നത്.

മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.’മാഫിയ ക്വീൻസ് ഓഫ് മുംബൈ ‘; എന്ന പേരിൽ ഹുസൈൻ സെയ്ദി രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ ഭരിച്ച വിറപ്പിച്ച വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം സ്ഥാപിച്ചു. സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവന്‍ അവള്‍ അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയായിരുന്നു അവര്‍.

സഞ്ജയ് ലീല ബൻസാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കുന്നതും. ബൻസാലി പ്രൊഡക്ഷൻസും ഡോക്ടർ ജയന്തിലാൽ ഗദ്ദയുടെ പെൻ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിർമമിക്കുന്നത്.

Related Topics

Share this story