chem

ഷാള്‍ നിരസിച്ച് റിജില്‍; വേണ്ടെങ്കില്‍ വേണ്ട എന്ന് പി.സി.ജോര്‍ജ് : വീണ്ടും എംഎല്‍എയായ ശേഷം എല്ലാം പരിഹരിക്കാമെന്ന് ഉറപ്പ്

യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം വേണമെന്ന് പ്രഖ്യാപിച്ച ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് തിരിച്ചടി. ഷാള്‍ അണിയിക്കാനുള്ള ശ്രമം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പരസ്യമായി നിരസിച്ചു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിച്ചുമാണ് ജോര്‍ജ് മടങ്ങിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ എത്തി. സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും പ്രസംഗം തുടങ്ങി. തുടർന്ന് നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കല്‍.

നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍.എസ്. നുസൂറും ഷാള്‍ സ്വീകരിച്ചെങ്കിലും റിജില്‍ മാക്കുറ്റി രാഷ്ട്രീയ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു. ഷാൾ നിരസിച്ചു. വേണ്ടെങ്കില്‍ വേണ്ട എന്ന് മാത്രം പ്രതികരിച്ച് ജോര്‍ജ് മടങ്ങി. ഇതിനിടെ, വീണ്ടും എം.എല്‍.എയായ ശേഷം എല്ലാം പരിഹരിക്കാമെന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പും നൽകി.

You might also like

Comments are closed.