Times Kerala

കേന്ദ്രസർക്കാരിന്റെ പുതിയ കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രവാസികൾക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത പരിഹരിയ്ക്കുക: നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, കേരളമുഖ്യമന്ത്രിയ്ക്കും നിവേദനം നൽകി

 
കേന്ദ്രസർക്കാരിന്റെ പുതിയ കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രവാസികൾക്ക് വരുത്തുന്ന സാമ്പത്തിക ബാധ്യത പരിഹരിയ്ക്കുക: നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, കേരളമുഖ്യമന്ത്രിയ്ക്കും നിവേദനം നൽകി

ദമ്മാം: വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന പ്രവാസികൾക്ക് മേൽ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ മൂലം പ്രവാസികൾ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രിയ്ക്കും, കേരളമുഖ്യമന്ത്രിയ്ക്കും നിവേദനം നൽകി.

കേന്ദ്രസർക്കാരിന്റെ പുതിയ മാനദണ്ഡം അനുസരിച്ചു, വിദേശങ്ങളിൽ നിന്നും 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കി നാട്ടിൽ വിമാനമിറങ്ങുന്ന പ്രവാസികളിൽ നിന്നും, വിമാനത്താവളങ്ങളിൽ വെച്ച് വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുവാനായി പണം വാങ്ങുകയാണ്.

ഓരോ വ്യക്തിയ്ക്കും 1800 രൂപ വരെയാണ് എയർപോർട്ടിൽ കൊറോണ ടെസ്റ്റ് നടത്താൻ ഈടാക്കുന്നത്. പ്രവാസികളോട് കേന്ദ്രസർക്കാർ കാണിയ്ക്കുന്ന തികഞ്ഞ അനീതിയാണ് ഇത്,

കൊറോണ രോഗബാധ സൃഷ്ട്ടിച്ച സാമ്പത്തികപ്രതിസന്ധിയിൽ വിഷമിയ്ക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം, ഈ പുതിയ നിയമങ്ങൾ വരുത്തിവയ്ക്കുന്ന സാമ്പത്തികനഷ്ടം വളരെ വലുതാണ്. നാല് പേരടങ്ങുന്ന കുടുംബം നാട്ടിലേയ്ക്ക് വരുന്നതിന്, വിമാനക്കൂലിയ്ക്ക് പുറമെ വിദേശത്തും, നാട്ടിലുമായി രണ്ടു പ്രാവശ്യം കൊറോണ ടെസ്റ്റ് ചെയ്യുക കൂടി വേണമെന്നതിനാൽ, ലക്ഷക്കണക്കിന് രൂപ ചിലവാക്കേണ്ട സ്ഥിതിയാണ്.

ഈ ദുരവസ്ഥ മനസ്സിലാക്കി പ്രവാസികളുടെ ബുദ്ധിമുട്ടുകൾ മാറ്റാൻ വിമാനത്താവളങ്ങളിലെ കൊറോണ ടെസ്റ്റ് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നവയുഗം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നയം മാറ്റാൻ തയ്യാറാകാത്ത പക്ഷം, മുൻപ് ഉണ്ടായിരുന്ന പോലെ, കേരളത്തിലെ വിമാനത്താവളങ്ങളിൽ വരുന്ന പ്രവാസികളുടെ കൊറോണ ടെസ്റ്റ് നടത്താനുള്ള ചിലവ് കേരള സർക്കാരോ, നോർക്കയോ തന്നെ വഹിച്ചു പ്രവാസികളെ സഹായിക്കണമെന്ന് കേരളമുഖ്യമന്ത്രിയോട് നവയുഗം അഭ്യർത്ഥിച്ചു.

പ്രവാസികളെ ഗുരുതരമായി ബാധിയ്ക്കുന്ന ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട്, കക്ഷിരാഷ്ട്രീയഭേദമന്യേ ഒന്നിച്ചു നിന്ന് അധികാരികളുടെമേൽ സമ്മർദ്ദം ചെലുത്താൻ എല്ലാ പ്രവാസികളും തയ്യാറാകണമെന്ന് നവയുഗം ആഹ്വാനം ചെയ്തു.

Related Topics

Share this story