Times Kerala

മിഷൻ സുന്ദര പാതയോരം: മലാപ്പറമ്പ് ദേശീയ പാത ശുചീകരണം തുടരുന്നു

 
മിഷൻ സുന്ദര പാതയോരം: മലാപ്പറമ്പ് ദേശീയ പാത ശുചീകരണം തുടരുന്നു

കോഴിക്കോട് :ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ‘നമ്മുടെ കോഴിക്കോട്’ പൊതുജന പങ്കാളിത്ത വികസന പദ്ധതിയുടെ ഭാഗമായുള്ള മിഷൻ സുന്ദര പാതയോരം ശുചീകരണ പ്രവർത്തികൾ തുടരുന്നു. മലാപ്പറമ്പ് ദേശീയ പാത ബൈപ്പാസ് പരിസരം കേന്ദ്രീകരിച്ചാണ് ശുചീകരണം നടക്കുന്നത്.

കോർപ്പറേഷൻ ആരോഗ്യ വിഭാഗം, ജില്ലാ ശുചിത്വ മിഷൻ, യു.എൽ.സി.സി. തുടങ്ങിയവയുടെ സഹകരണത്തോടെ  പ്രൊവിഡൻസ് കോളേജ്  എൻ.എസ്.എസ്. വിഭാഗത്തിന്റെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണം നടത്തിയത്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പൊതു ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ കഴിഞ്ഞ ഞായറാഴ്ച അതിരാവിലെ ചെയ്ത പ്രവൃത്തികൾക്ക് യാതൊരു മൂല്യവും കല്പിക്കാതെയാണ് മണിക്കൂറുകൾക്കകം മാലിന്യം വീണ്ടും നിക്ഷേപിക്കാൻ ചിലർ തയ്യാറായത്.

ഇരുട്ടിന്റെ മറവിൽ അനേകം പേരാണ് പ്രത്യേകിച്ച് മലാപ്പറമ്പ് ദേശീയ പാത പരിസരത്ത് മാലിന്യം നിക്ഷേപിക്കാനായി നിത്യവും എത്തുന്നത്. ഇത്തരം പ്രവണതകൾ കോഴിക്കോടിന്റെ സംസ്കാരത്തിന് യോജിക്കുന്നതല്ല. മാലിന്യ നിക്ഷേപം തടയുന്നതിന് പ്രദേശത്തുകാരുടെ സജീവ ജാഗ്രത ഉണ്ടാകണം. ശുചീകരണ പ്രവർത്തികൾക്ക് ഫലം കാണുന്നതിന് ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം കൂടെ അനിവാര്യമാണ്.

അനധികൃത മാലിന്യ നിക്ഷേപം ‘നമ്മുടെ കോഴിക്കോട്’ ആപ്പിലൂടെയോ, ഔദ്യോഗിക വാട്‌സ്അപ്പ് നമ്പർ – +919847764000 മുഖേനയോ ഫോട്ടോ സഹിതം പരാതിപ്പെടാം.  അത്തരക്കാർക്കെതിരെ ഭരണകൂടം പിഴയടക്കമുള്ള കർശന  നടപടികൾ സ്വീകരിക്കും.

Related Topics

Share this story