Times Kerala

വര്‍ധിക്കുന്ന ജീവിതശൈലീരോഗങ്ങള്‍: കേരളം നേരിടുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര സമ്മേളനം

 
വര്‍ധിക്കുന്ന ജീവിതശൈലീരോഗങ്ങള്‍: കേരളം നേരിടുന്ന വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ അന്താരാഷ്ട്ര സമ്മേളനം

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനാവശ്യമായ മാര്‍ഗ്ഗങ്ങളും നയപരിപാടികളും കേരള ഹെല്‍ത്ത് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയമാകുന്നു. ഫെബ്രുവരി 17-ന് ആരംഭിച്ച സമ്മേളനത്തിന്‍റെ തുടര്‍ച്ചയായി 25 ന് നടക്കുന്ന ചര്‍ച്ചകളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഇത്തരം രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ച് വിദഗ്ധര്‍ സംസാരിക്കും.

ജനീവയിലെ ലോകാരോഗ്യ സംഘടന എന്‍സിഡി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ചെറിയാന്‍ വര്‍ഗീസ് ആണ് മുഖ്യപ്രഭാഷണം നടത്തുക. ടാറ്റ മെമ്മോറിയല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. രാജേന്ദ്ര ബദ്വെ, ലണ്ടനിലെ കിംഗ്സ് കോളേജിലെ ഡയറക്ടര്‍ ഡോ. റിച്ചാര്‍ഡ് സള്ളിവന്‍, ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടന-ഐഎആര്‍സി ശാസ്ത്രജ്ഞന്‍ ഡോ. ശങ്കരനാരായണന്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

യുഎന്‍ മുന്നോട്ടു വച്ച ആരോഗ്യരംഗത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നയപരിപാടികള്‍ രൂപീകരിക്കുന്നതിനും വേണ്ടി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.

അര്‍ബുദ സംബന്ധിയായ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ എന്ന വിഷയത്തില്‍ ഡോ. ബദ്വെ സംസാരിക്കും. നാഷണല്‍ കാന്‍സര്‍ സെന്‍റര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ ഉപദേശകനായിരുന്ന ഡോ. ബദ്വെ, ബ്രസ്റ്റ് ഹെല്‍ത്ത് ഗ്ലോബല്‍ ഇനിഷ്യേറ്റീവ്, ലോകാരോഗ്യ സംഘടന എന്നിവയുടെ ഉപദേശകനുമാണ്.

പ്രാഥമികാരോഗ്യ സംരക്ഷണത്തിലൂടെ അര്‍ബുദത്തെ ചെറുക്കല്‍ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ നാഷണല്‍ കാന്‍സര്‍ ഗ്രിഡ് അംഗവും ലോകാരോഗ്യ സംഘടനയുടെ ഉപദേശകനുമായ ഡോ. റിച്ചാര്‍ഡ് സള്ളിവന്‍, ഡോ. ശങ്കരനാരായണന്‍, ഫിലാഡല്‍ഫിയ തോമസ് ജെഫേഴ്സണ്‍ സര്‍വകലാശാലയിലെ അര്‍ബുദ വിഭാഗം പ്രൊഫസര്‍ ഡോ. എം വി പിള്ള, യൂണിയന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ പ്രസിഡന്‍റ് ഡോ. അനില്‍ ഡി ക്രൂസ്, ലണ്ടനിലെ കിംഗ്സ് ഹെല്‍ത്ത് പാര്‍ട്ണേഴ്സ് ഡയറക്ടര്‍ ഡോ. ആര്‍ണി പുരുഷോത്തം തുടങ്ങിയവര്‍ പങ്കെടുക്കും.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുക, അര്‍ബുദത്തെയും ഇതര സാംക്രമികേതര രോഗങ്ങളെയും തോല്‍പ്പിക്കുക എന്ന പ്രമേയത്തിലുള്ള ചര്‍ച്ച സംസ്ഥാന ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഫെബ്രുവരി 25 ന് വൈകീട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും.

സമ്മേളനം തത്സമയം www.keralahealthconference.in, https://www.youtube.com/channel/UCSE0zP8darFGvDn3CyC2ERg എന്നീ ലിങ്കുകളില്‍ ലഭിക്കും. ഇത്തരം രോഗങ്ങള്‍ മൂലമുണ്ടാകുന്ന അകാലമരണങ്ങള്‍ മൂന്നിലൊന്നായി കുറയ്ക്കുകയെന്നതാണ് സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ കാതല്‍. ഈ രോഗങ്ങള്‍ കാരണമുള്ള അകാലമരണങ്ങളില്‍ 85 ശതമാനവും വികസിത രാജ്യങ്ങളില്‍ നിന്നാണെന്നതും എടുത്തു പറയേണ്ടതാണ്. 2030 ആകുമ്പോഴേക്കും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായുള്ള നടപടികളാണ് കേരള ഹെല്‍ത്ത് സമ്മേളനത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.

സാംക്രമികേതര രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കല്‍ എന്ന വിഷയത്തില്‍ ‘റിസോള്‍വ് ടു സേവ് ലൈഫ്’ സിഇഒ ഡോ. ടോം ഫ്രൈഡന്‍ പ്രഭാഷണം നടത്തും. ഈ രോഗങ്ങളില്‍ കേരളത്തിന്‍റെ നടപടികള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, ഡോ. ബിപിന്‍ ഗോപാല്‍, ഡോ. കിരണ്‍, ഡോ. മാത്യൂസ്, ഡോ. നവീന്‍ എന്നിവര്‍ സംസാരിക്കും.

അര്‍ബുദ പരിപാലന സംഭാഷണങ്ങള്‍- കേരളത്തിന്‍റെ അനുഭവം എന്ന വിഷയത്തില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ സംസാരിക്കും.

പ്രമേഹം, രക്താതിസമ്മര്‍ദ്ദം മുതലായ ജീവിതശൈലിരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് പുതിയ മാര്‍ഗ്ഗം സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ തിരുവനന്തപുരം, തൃശൂര്‍, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളിലാണ് ഇത് നടപ്പാക്കുന്നത്.

പരിശോധന, പ്രതിരോധം, നിയന്ത്രണം എന്നിവയിലൂന്നിയ എന്‍സിഡി ക്ലിനിക്കുകള്‍ ജില്ലകള്‍, ഉപജില്ലകള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സ്ഥാപിക്കും. എന്‍സിഡി മരുന്നുകള്‍ സബ്സെന്‍ററുകള്‍ വഴി സൗജന്യമായി വിതരണം ചെയ്യുന്നതിനോടൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തും.

സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുക എന്ന കാഴ്ചപ്പാടോടെ കൊവിഡ്-19 ഉയര്‍ത്തിയ വെല്ലുവിളികളും കൂടി കണക്കിലെടുത്ത് നടത്തുന്ന അഞ്ചു ദിവസത്തെ വെബിനാറിലെ ആദ്യ സെഷനുകള്‍ ഫെബ്രുവരി 17, 18 തിയതികളിലാണ് നടന്നത്. ബാക്കിയുള്ള മൂന്നു സെഷനുകള്‍ ഫെബ്രുവരി 24, 25 മാര്‍ച്ച് നാല് തിയതികളില്‍ നടത്തും.

Related Topics

Share this story