Times Kerala

ഗോത്രങ്ങളെയറിയാന്‍ കുറത്തിക്കുടിയില്‍ ഗോത്രായനം

 
ഗോത്രങ്ങളെയറിയാന്‍ കുറത്തിക്കുടിയില്‍ ഗോത്രായനം

ഇടുക്കി: കാടിന്റെ മക്കളുടെ ജീവിതാവസ്ഥ മനസിലാക്കാന്‍ കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ അടിമാലി ബ്ലോക്ക് പരിധിയിലെ പട്ടികവര്‍ഗ സങ്കേതമായ കുറത്തിക്കുടിയില്‍ ‘ഗോത്രായനം’ നടത്തി. പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ പരിശീലനത്തിന്റെ ഭാഗമായാണ് ഗോത്രായനം നടത്തിയത്. ദുര്‍ഘടമേഖലയിലുള്ള കുറത്തിക്കുടി പട്ടികവര്‍ഗ സങ്കേതത്തിലെത്തിയ വി.ഇ.ഒ.മാരുടെ സംഘം സങ്കേതങ്ങളിലെ കുടികളില്‍ ഗൃഹസര്‍വേ നടത്തി.

അംഗനവാടികള്‍, മള്‍ട്ടി ഗ്രേഡ് ലേണിംങ് സ്‌കൂള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയിലും സന്ദര്‍ശനം നടത്തി.ഗോത്രനിവാസികളുമായി സംഘം നടത്തിയ ആശയ വിനിമയം ഏറെ ശ്രദ്ധേയമായി. ഫീല്‍ഡ് തല ഉദ്യോഗസ്ഥരെന്ന നിലയില്‍ പൊതുജനങ്ങള്‍ക്കായുള്ള ഓരോ പദ്ധതികളുടെ അറിവിനൊപ്പം താഴെ തട്ടിലെ യാഥാര്‍ത്ഥ്യങ്ങളും നിരീക്ഷിച്ച് മനസിലാക്കുന്നതിനാണ് സങ്കേത സന്ദര്‍ശനമെന്ന് കില ഇറ്റിസി പ്രിന്‍സിപ്പലായ ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി.കൃഷ്ണകുമാര്‍ പറഞ്ഞു.

ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥരെന്ന നിലയില്‍ ഭാവിയില്‍ യാഥാര്‍ത്ഥ്യമറിഞ്ഞ് ജോലി ചെയ്യാനുള്ളനല്ല അനുഭവങ്ങള്‍ ഗോത്രായനത്തിലൂടെ ലഭിച്ചുവെന്ന് ഗോത്രായനത്തില്‍ പങ്കെടുത്ത വി.ഇ ഒ .മാര്‍ പറഞ്ഞു.
വിഇഒമാരായ ആര്‍.ഗോകുല്‍ കൃഷ്ണന്‍, അരവിന്ദ് രാമചന്ദ്രന്‍, ഡോ.നിരഞ്ജന്‍ ശങ്കര്‍, എ.പി.പ്രശോഭ്, ടോമിന്‍ ജോര്‍ജ്, ജിജോ എബ്രഹാം, ഇ.ആര്‍.അമല്‍ എന്നിവര്‍ സംസാരിച്ചു.

Related Topics

Share this story