Times Kerala

തൃശൂർ നഗരം ക്യാമറക്കണ്ണുകളിൽ സുരക്ഷിതം

 
തൃശൂർ നഗരം ക്യാമറക്കണ്ണുകളിൽ സുരക്ഷിതം

തൃശൂർ: നഗരത്തിലെ പ്രധാന ജങ്ഷനുകളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്ന സ്മാർട്ട്‌ ആൻ്റ് സേഫ് സിറ്റി പ്രോഗ്രാമിന്റെ ആദ്യഘട്ട പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മേയർ എം കെ വർഗീസ് അധ്യക്ഷനായി. ഡിസ്ട്രിക്ട് പൊലീസ് കമാൻ്റ് ആൻ്റ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും സി സി ടി വി ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മവും മേയർ നിർവഹിച്ചു. ഈ പദ്ധതിയിൽ 85 ജങ്ഷനുകളിലായി 5.20 കോടി രൂപ ചെലവിലാണ് 253 സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നത്. സ്വരാജ് റൗണ്ട്, തേക്കിൻക്കാട് മൈതാനം, ശക്തൻ ബസ് സ്റ്റാൻഡ്, കെ എസ് ആർ ടി സി സ്റ്റാൻ്റ് പരിസരം എന്നിവിടങ്ങൾ ഡിസ്ട്രിക്ട് പൊലീസ് കമാൻ്റ് ആൻ്റ് കൺട്രോൾ റൂമിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിലൂടെ നിരീക്ഷിക്കാം.

ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ജി പി ഒ എൻ ( ജിഗാബിറ്റ് പാസ്സീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് ) ടെക്നോളജി ഉപയോഗിച്ചാണ് 190 ഐ പി ക്യാമറകൾ സ്ഥാപിക്കുന്നത്. അതോടൊപ്പം 13 ജങ്ഷനുകളിലായി എ എൻ പി ആർ (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ )ക്യാമറകൾ സ്ഥാപിക്കും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ തിരിച്ചറിഞ്ഞ് അവ സൂക്ഷ്മമായി 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനവും കൺട്രോൾ റൂമിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ കോർപറേഷന്റെ കുടിവെള്ള ലോറികളും, ശുചീകരണ വണ്ടികളും പോകുന്ന വഴികളും സമയവും നിരീക്ഷിക്കാൻ ആർ എഫ് ഐ ഡി ( റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ടാഗുകളും ഉൾപ്പെടുത്തി. ഇതിനാവശ്യമായ റീഡേഴ്‌സ് നിരത്തുകളിൽ സ്ഥാപിച്ചു. ഗതാഗതകുരുക്കുകളുള്ള അവസരങ്ങളിലും പൂരം പോലെയുള്ള വിശേഷ അവസരങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും പൊലീസിന് സഹായകരമാകുന്ന രീതിയിലുള്ള അനൗൺസ്മെന്റ് സംവിധാനവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി കോർപറേഷനും കേരള പൊലീസും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ട്രാഫിക് സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുവാനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടും.

സൂപ്രൻ്റിങ് എൻജിനീയർ ഷൈബി ജോർജ്ജ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി കെ ഷാജൻ, ഡി ജി പി ആൻ്റ് സ്റ്റേറ്റ് പൊലീസ് ചീഫ് ലോക്നാഥ് ബഹ്റ, തൃശൂർ റേഞ്ച് ഡി ഐ ജി എ അക്ബർ, സിറ്റി പൊലീസ് കമ്മീഷണർ ആദിത്യ ആർ, പൊലീസ് അസിസ്റ്റന്റ് കമ്മീഷനർ ബേബി, പി ഡബ്ല്യൂ ഡി ഇലക്ട്രോണിക്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിത ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Topics

Share this story