Times Kerala

മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ ജലക്ഷാമം പരിഹരിക്കാൻ കഴിയും: മുഖ്യമന്ത്രി

 
മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ ജലക്ഷാമം പരിഹരിക്കാൻ കഴിയും: മുഖ്യമന്ത്രി

പാലക്കാട്: മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പത്തി പഞ്ചായത്തുകളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊഴിഞ്ഞാമ്പാറയിൽ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ പദ്ധതി പ്രഖ്യാപനവും പാലക്കാട് അന്തർ സംസ്ഥാന നദീജല സമഗ്ര കേന്ദ്രത്തിന്റെ ഉദ്ഘടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കർഷകരുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാവുന്നത്.

വരട്ടയാർ മുതൽ വേളന്താവളം വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കലിന് 12 കോടി രൂപ ബഡ്ജറ്റിൽ നീക്കിവെച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ലിഫ്റ്റ് ഇറിഗേഷൻ മുഖേന ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിലൂടെ 70 ശതമാനം ജലലാഭം ഉണ്ടാകും. തർക്കങ്ങൾ ഒന്നുമില്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയിൽ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിച്ച് ചിറ്റൂർ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി മൂന്ന് കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു. തുക ലഭ്യമാക്കുന്ന ഉപഭോക്താക്കൾക്ക് അവരുടെ വിഹിതം സൗജന്യമാവും. കാലങ്ങളായി മുടങ്ങിക്കിടന്ന കുരിയാർകുറ്റി പദ്ധതിക്ക് വീണ്ടും തുടക്കമിട്ടു. എരുത്തേമ്പതി പഞ്ചായത്തിനെ കേരഗ്രാമം പദ്ധതിക്ക് തിരെഞ്ഞെടുത്തതായും മന്ത്രി പറഞ്ഞു.

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് നിർമ്മാണ മേൽനോട്ടം. പദ്ധതിക്കായി കിഫ്ബി മുഖേന 262.10 കോടിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. 6.43 കി.മീ ദൈർഘ്യത്തിൽ കനാൽ ദീർഘിപ്പിക്കുന്നതിന്റെ പ്രഖ്യാപനമാണ് നടന്നത്. പരിപാടിയിൽ ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി മുരുകദാസ്, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പത്തി, വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ്മാരായ റിഷ പ്രേംകുമാർ, എം. സതീഷ്, പ്രിയദർശിനി, ജോസി ബ്രിട്ടോ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മാധുരി പത്മനാഭൻ, മിനി മുരളി കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ് തിലകൻ, ചീഫ് എൻജിനീയർ ടെറെൻസ് ആന്റണി, ജലസേചന വകുപ്പ് ചീഫ് എൻജിനീയർ അലക്‌സ് വർഗീസ് എന്നിവർ സംസാരിച്ചു.

Related Topics

Share this story