Times Kerala

സൗന്ദര്യം കൂടിപ്പോയി, ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന് മോഡല്‍

 
സൗന്ദര്യം കൂടിപ്പോയി, ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്ന് മോഡല്‍

തനിക്ക് സൗന്ദര്യം കൂടിപ്പോയതിനാൽ ജോലിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പറഞ്ഞുവിട്ടുവെന്നു റുമാനിയന്‍ മുന്‍ മോഡലും സൗന്ദര്യമത്സരങ്ങളിലെ കിരീടജേതാവുമായ ക്ലോഡിയ അര്‍ഡിലീന്‍. നിയമത്തില്‍ രണ്ട് ബിരുദവും യൂറോപ്യന്‍ എതിക്‌സില്‍ ബിരുദാനന്തര ബിരുദവുമുള്ള 27 കാരിയായ ക്ലോഡിയയെയാണ് റൊമേനിയന്‍ ന്യുമോണിയ ക്ലിനിക് ഹോസ്പിറ്റലില്‍ നിന്ന് പിരിച്ചുവിട്ടത്. ക്ലിനിക് ഹോസ്പിറ്റലില്‍ തനിക്ക് ജോലി ലഭിച്ച സന്തോഷം അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് ക്ലോഡിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിലേക്ക് വന്ന കമന്റ്റുകള്‍ മൂലം പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ക്ലോഡിയയുടെ സൗന്ദര്യം കാരണമാണ് ജോലി ലഭിച്ചതെന്നായിരുന്നു പലരുടെയും കമന്റ്. വിമര്‍ശനം രൂക്ഷമായതോടെ ആശുപത്രി ബോര്‍ഡ് ക്ലോഡിയയോട് രാജി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ബോര്‍ഡിന്റെ തീരുമാനത്തിനെയും തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെയും കുറിച്ച്‌ ശക്തമായി പ്രതികരിച്ച്‌ ക്ലോഡിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ‘ലഭിച്ച ജോലിക്ക് വേണ്ട എല്ലാ യോഗ്യതകളും തനിക്കുണ്ടായിരുന്നു. താനൊരു അഭിഭാഷകയാണ്. നിയമത്തില്‍ രണ്ട് ഡിഗ്രികളുണ്ട്. സ്വന്തമായി ഒരു ബിസിനസും നടത്തുന്നു. ഒരാളുടെ കഴിവും യോഗ്യതയും നിര്‍ണയിക്കുന്നതില്‍ സൗന്ദര്യത്തിന് പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’- ക്ലോഡിയ പറഞ്ഞു.

അതേസമയം ക്ലോഡിയയെ ജോലിയില്‍ നിന്നും നിര്‍ബന്ധപൂര്‍വം ഒഴിവാക്കേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ക്ലജ് കൗണ്‍സില്‍ പ്രസിഡന്റ് അലിന്‍ ടിസ് പറഞ്ഞു. ക്ലോഡിയയുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും മോശം വാര്‍ത്തകളും ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്നും അലിന്‍ ടിസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Related Topics

Share this story