Times Kerala

പ്രശ്നങ്ങൾ എന്തുമാവട്ടെ ഒരു ‘ചായ’ കുടിച്ചിട്ടാവാം ബാക്കി

 
പ്രശ്നങ്ങൾ എന്തുമാവട്ടെ  ഒരു ‘ചായ’ കുടിച്ചിട്ടാവാം ബാക്കി

കളമശേരി : പ്രശ്നങ്ങൾ എന്തായാലും ഒരു ചായ കുടിച്ചിട്ടാകാം ചര്‍ച്ച ചെയ്യുന്നത്. പേടിക്കണ്ട ബില്ല് തരില്ല, പൈസയും നല്‍കേണ്ടതില്ല അതാണ് ജനമൈത്രി. പൊലീസ് സ്റ്റേഷനിലെത്തുന്നവര്‍ക്ക് വിശപ്പും ക്ഷീണവുമകറ്റാന്‍ കരുതലുമായി കളമശേരി ജനമൈത്രി പോലീസ്. ബുധനാഴ്ച രാവിലെ നടന്ന ലളിതമായ ചടങ്ങില്‍ പദ്ധതിക്ക് തുടക്കമായി. രാവിലെ വിവിധ ആവശ്യങ്ങളുമായി സ്റ്റേഷനില്‍ എത്തിയ പൊതുജനത്തിന് ചായയും കാപ്പിയും പലഹാരങ്ങളും നല്‍കിയായിരുന്നു കളമശേരി പോലീസ് സ്വീകരിച്ചത്.പലവിധ പ്രശ്നങ്ങളുമായി പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാകും പലരും സ്റ്റേഷനിലെത്തുക.വാദിയോ പ്രതിയോ സാക്ഷിയോ പൊതുപ്രവര്‍ത്തകരോ ആരായാലും ആദ്യം ഒരു ചായയോ കാപ്പിയോ ലെമണ്‍ ടീയോ കുടിച്ച്‌ ക്ഷീണം മാറ്റിയ ശേഷം പ്രശ്നത്തിലേക്ക് കടന്നാല്‍ മതിയെന്നാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ആര്‍. സന്തോഷിന്റെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം. ഇതിനായി പോലീസുകാര്‍ മുന്‍കൈ എടുത്ത് വാട്ടര്‍ പ്യൂരിഫയര്‍, ഫ്രിഡ്ജ്, കോഫി വെന്‍ഡിംഗ് മെഷീന്‍ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25000 രൂപ വിലവരുന്ന വെന്‍ഡിംഗ് മെഷിനില്‍ നിന്ന് കാപ്പി, ചായ, ലെമണ്‍ ടീ, വിത്ത് ഔട്ട് എന്നിവ ലഭിക്കും. ഒരു മാസത്തേക്ക് ഇതിലുപയോഗിക്കുന്ന പൗഡറിന് 6000 രൂപ വില വരും. ഫ്രിഡ്ജില്‍ ബ്രഡും ബിസ്കറ്റുമൊക്കെയുണ്ടാകും. ഇതിനുള്ള ചെലവ് സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സ്വരൂപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ക് ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്കാണ് ഈ സ്റ്റേഷനില്‍ നിന്ന് ഭക്ഷണം നല്‍കിയിരുന്നത്. വിശക്കുന്നവര്‍ക്ക് 24 മണിക്കൂറും ഭക്ഷണം ലഭിക്കും എന്നൊരു ബോര്‍ഡ് ഈ പോലീസ് സ്റ്റേഷന് മുന്നില്‍ അന്ന് തൂക്കിയിരുന്നു.

Related Topics

Share this story