Times Kerala

നിഷ്-ലെ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ ഉദ്ഘാടനവും ഒക്കുപ്പേഷണല്‍ തെറാപ്പി ബിരുദ കോഴ്സ് പ്രഖ്യാപനവും മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിക്കും

 
നിഷ്-ലെ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ ഉദ്ഘാടനവും ഒക്കുപ്പേഷണല്‍ തെറാപ്പി ബിരുദ കോഴ്സ് പ്രഖ്യാപനവും മന്ത്രി കെ കെ ശൈലജ നിര്‍വ്വഹിക്കും

തിരുവനന്തപുരം: ഭിന്നശേഷി സേവനത്തിനായി വികസിപ്പിച്ച സംസ്ഥാനത്തെ ആദ്യ ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ (നിഷ്) സാമൂഹ്യ നീതി വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 വ്യാഴാഴ്ച (ഇന്ന്) ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങില്‍ നിഷില്‍ ആരംഭിച്ച കേരളത്തിലെ ആദ്യ ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്സിന്‍റെ പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിക്കും.

ടൂറിസം-ദേവസ്വം-സഹകരണ മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യനീതി – വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ശ്രീ ബിജു പ്രഭാകര്‍ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ നീതീ വകുപ്പ് ഡയറക്ടറും നിഷ് എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീമതി ഷീബ ജോര്‍ജ് ഐഎഎസ്, നിഷിലെ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ഡോ കെ ജി സതീഷ് കുമാര്‍, കുളത്തൂര്‍ കൗണ്‍സിലര്‍ ശ്രീമതി നാജ ബി എന്നിവര്‍ പങ്കെടുക്കും.

ഭിന്നശേഷി സേവനമേഖലയില്‍ നൂതനാശയങ്ങള്‍ വികസിപ്പിച്ച് നടപ്പിലാക്കുന്ന നിഷ്-ന്‍റെ പുതിയ ചുവടുവയ്പ്പാണിത്. ദൈനം ദിന വാര്‍ത്തകളും വിജ്ഞാനവും ശ്രവണ പരിമിതരിലേക്ക് എത്തിക്കുന്ന ബുള്ളെറ്റിനുകള്‍, ഇ-ബുക്കുകള്‍, ഭിന്നശേഷി പുനരധിവാസത്തിന് പ്രയോജനമാകുന്ന ഓഡിയോ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ എന്നിവയെല്ലാം സ്റ്റുഡിയോയില്‍ ക്രമീകരിച്ചിട്ടുണ്ട്. പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്സുകളും ഇവിടെ റെക്കോര്‍ഡ് ചെയ്യുന്നതിനും ലക്ഷ്യമിടുന്നുണ്ട്.

ഷീബാ ജോര്‍ജ് ഐഎഎസിന്‍റെ മേല്‍നോട്ടത്തിലാണ് സ്റ്റുഡിയോ സജ്ജമാക്കിയിരിക്കുന്നത്. സ്റ്റുഡിയോ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ വാര്‍ത്താശേഖരണം, അവതരണം, ഷൂട്ടിംഗ്, റെക്കോര്‍ഡിംഗ്, എഡിറ്റിംഗ് തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്-ലെ ശ്രവണ പരിമിതരായ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും ചുമതലയില്‍ നിര്‍വഹിക്കാനാവും. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംപ്രേക്ഷണം ചെയ്ത നിഷ് ആംഗ്യഭാഷ വാര്‍ത്തകള്‍ക്ക് ശ്രവണ പരിമിതരില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

മുന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സാമുവല്‍ മാത്യുവിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ആംഗ്യഭാഷാ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലുള്ള ന്യൂസ് സ്റ്റുഡിയോ എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭത്തിന് തുടക്കമിട്ടതെങ്കിലും വാര്‍ത്തകള്‍ക്കുപരി ഭിന്നശേഷി പുനരധിവാസത്തിന് പ്രയോജനകരമാകുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്റ്റുഡിയോ വികസിപ്പിക്കുകയായിരുന്നു.

ഒക്കുപ്പേഷണല്‍ തെറാപ്പി മേഖലയില്‍ വര്‍ധിച്ചു വരുന്ന ആവശ്യകത മുന്നില്‍കണ്ടാണ് നിഷ് ഈ കോഴ്സ് ആരംഭിക്കുന്നത്. ആറ് മാസത്തെ ഇന്‍റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നാലരവര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഒക്കുപ്പേഷണല്‍ തെറാപ്പി കോഴ്സില്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്‍റെ അംഗീകാരമുണ്ട്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആശുപത്രികള്‍, പുനരധിവാസ – സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിരവധി അവസരങ്ങളുണ്ട്. എല്ലാ പ്രായത്തിലുമുള്ള ശാരീരിക, സംവേദനാത്മക, വൈജ്ഞാനിക ബുദ്ധിമുട്ടുള്ളവര്‍ക്ക് അവ തരണം ചെയ്ത് സാധാരണ വൈകാരിക, ഭൗതീക തലങ്ങളിലേക്കെത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നതിനും ഒക്കുപ്പേഷണല്‍ തെറാപ്പി സഹായകമാണ്.

Related Topics

Share this story