Times Kerala

കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പനശാലകള്‍ ആരംഭിക്കും: മന്ത്രി പി തിലോത്തമന്‍

 
കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പനശാലകള്‍ ആരംഭിക്കും: മന്ത്രി പി തിലോത്തമന്‍

കണ്ണൂർ: കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പ്പന ശാലകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്നും വിലക്കയറ്റം പൊതുജനങ്ങളെ കാര്യമായ രീതിയില്‍ ബാധിക്കാതിരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. സംസ്ഥാനത്തെ 10 സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും രണ്ട് ഔട്ട്‌ലറ്റുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സപ്ലൈകോ നടത്തി വരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തെ 38 ഗ്രാമ പഞ്ചായത്തുകളില്‍ സപ്ലൈകോ വില്‍പനശാലകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്‍പനശാലകള്‍ എന്ന ലക്ഷ്യം കൈവരിക്കാന്‍ ഉടന്‍ കേരളത്തിനാകും. വിപണിയില്‍ ശക്തമായ ഇടപെടലുകളാണ് സപ്ലൈകോ നടത്തി വരുന്നത്.

ഏത് ഭക്ഷ്യ വസ്തുവിനും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ദിനംപ്രതിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവ് വലിയ രീതിയില്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം തടയാനാകുന്നു എന്നത് വലിയ നേട്ടമാണ്. മന്ത്രി പറഞ്ഞു.

ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുക എന്ന സപ്ലൈകോയുടെ പരമ്പരാഗതമായ രീതിയില്‍ നിന്നും മാറി ഗൃഹോപകരണങ്ങള്‍ കൂടി വില്‍പനയ്‌ക്കെത്തിച്ചത് ഈ മേഖലയിലെ വൈവിധ്യവല്‍കരണം ലക്ഷ്യമിട്ടാണ്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സര്‍വസാധാരണമായ സാഹചര്യത്തില്‍ സപ്ലൈകോ ആ മേഖലയിലേക്ക് കൂടി കടന്നിരിക്കുകയാണ്. പഴയത് പോലെ കടകളില്‍ നിന്നും അളന്നും തൂക്കിയും സാധനങ്ങള്‍ വാങ്ങുന്ന രീതിയോട് ജനങ്ങള്‍ക്കിപ്പോള്‍ താല്‍പര്യമില്ല, തങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ തെരഞ്ഞെടുക്കുക എന്ന രീതിയിലേക്ക് ജനങ്ങള്‍ മാറിയതോടെ എല്ലാ ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യകിറ്റ് വിതരണമുള്‍പ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മികച്ച രീതിയില്‍ നടപ്പാക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞു. കൊവിഡ് ഭീതിയില്‍ ആരും വെളിയില്‍ ഇറങ്ങാതിരുന്ന കാലത്ത് പോലും കേരളീയരെ അന്നമൂട്ടാന്‍ സപ്ലൈകോ സദാ കര്‍മ്മനിരതരായിരുന്നുവെന്നും മന്ത്രി പറഞ്ഞു

വനം-വന്യജീവി ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു, എംഎല്‍എമാര്‍, എംപിമാര്‍, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു.

നവീകരിച്ച കരിവെള്ളൂര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. കരിവെള്ളൂര്‍- പെരളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു ആദ്യവില്‍പന നടത്തി.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം രാഘവന്‍, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ വി അപ്പുക്കുട്ടന്‍, കരിവെള്ളൂര്‍ പെരളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് അംഗം പി വി കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, തളിപ്പറമ്പ് താലൂക്ക് സപ്ലെ ഓഫീസര്‍ ടി ആര്‍ സുരേഷ്, പി ശശിധരന്‍, കെ ഇ മുകുന്ദന്‍, വി കെ പി ഇസ്മയില്‍, എം പി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story