Times Kerala

ഡിജിറ്റല്‍ വാഴ്സിറ്റി ദ്വിദിന ഡിജിറ്റല്‍ ഉച്ചകോടി 15 മുതല്‍

 
ഡിജിറ്റല്‍ വാഴ്സിറ്റി ദ്വിദിന ഡിജിറ്റല്‍ ഉച്ചകോടി 15 മുതല്‍

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (കെയുഡിഎസ്ഐടി) യുടെ ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടി ഫെബ്രുവരി 15, 16 തീയതികളില്‍ മംഗലപുരം ടെക്നോസിറ്റി കാമ്പസില്‍ നടക്കും.

15 ന് ഉച്ചയ്ക്ക് 2 ന് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ആരംഭിക്കുന്ന ‘ഡി എക്സ് 21: ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സമ്മിറ്റി’ല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ പങ്കെടുക്കുന്ന സെഷനുകള്‍ ഓണ്‍ലൈനില്‍ നടത്തും.

‘ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡേ’ എന്നു പേരിട്ടിരിക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസത്തില്‍ അന്താരാഷ്ട്ര സെലിബ്രിറ്റി ടെക്നോളജിസ്റ്റ് ശ്രീ. ഡോണ്‍ ടാപ്സ്കോട്ട് മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഐ.ബി.എം റിസര്‍ച്ച് ഫെലോയും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി പ്രൊഫസറുമായ പ്രൊഫ.സി.മോഹന്‍, യുസിഎല്ലിലെ സോഷ്യല്‍ ഡിജിറ്റല്‍ ഇന്നൊവേഷന്‍ ലീഡറും ഇന്‍ഡസ്ട്രി അസോസിയേറ്റുമായ ഡോ.ജെയ്ന്‍ തോമാസണ്‍, ഡിസിബി ബാങ്ക് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഹെഡ് ശ്രീ.പ്രസന്ന ലോഹര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാനത്തെ പ്രമുഖ ഐടി കമ്പനികള്‍ വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിക്കും. ജിടെക്കുമായി സഹകരിച്ചാണ് ഡിജിറ്റല്‍ ഇന്നൊവേഷന്‍ ഡേ സംഘടിപ്പിക്കുന്നത്.

‘ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഡേ’ എന്ന തലക്കെട്ടില്‍ നടക്കുന്ന രണ്ടാം ദിവസത്തെ സെഷനില്‍ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഡിഇസി-ബിറ്റ് സ്കീമിന്‍റെ കോ-ഇന്‍വെന്‍ററുമായ ഡോ.രാജ് ജെയിന്‍ മുഖ്യപ്രഭാഷണം നടത്തും.

മറ്റു സെഷനുകള്‍ക്ക് യുഎസ്എയിലെ എംഐആര്‍ ലാബിലെ ഡോ.അജിത്ത് അബ്രഹാം, ന്യൂഡല്‍ഹി ഐഐഐടിയിലെ ഡോ. മുകേഷ് മോഹാനിയ, ജര്‍മ്മനിയിലെ സീഗന്‍ സര്‍വകലാശാലയിലെ ഡോ.ഭാസ്കര്‍ ചൗബി, സിറ്റി മാണ്ടി സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ഡോ.ശ്രീനിവാസ് പത്മനാഭുനി, ഓസ്ട്രിയയിലെ ദി ടിയു വീന്‍ പ്രൊഫസറും ഐഇഇഇ ഫെലോയുമായ ഡോ.ഷഹ്റാം ദസ്താര്‍, ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യിലെ ശ്രീ. വിനീത് എന്‍. ബാലസുബ്രഹ്മണ്യന്‍, ഇറ്റലിയിലെ മിലാന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.ഡോ.വിന്‍സെന്‍സോ പ്യൂരി, കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടി(ഐഎസ്ഐ)ലെ ഡോ.സ്വഗതം ദാസ്, ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസ് ഓഫന്‍ബര്‍ഗിലെ ഡോ.അക്സല്‍ സികോറാ, ഐബിഎം റിസര്‍ച്ച്-ഇന്ത്യയിലെ ഡോ.സൗഗതാ മുഖര്‍ജി എന്നിവര്‍ നേതൃത്വം നല്‍കും.

ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാനുള്ള സീറ്റുകള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: dx21@iiitmkac.in or visit: duk.ac.in/dx21.

കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്), ജിടെക്, ഐഇഇഇ കമ്മ്യൂണിക്കേഷന്‍സ് സൊസൈറ്റി (കോംസോക്) കേരള ചാപ്റ്റര്‍, അസോസിയേഷന്‍ ഫോര്‍ കമ്പ്യൂട്ടിംഗ് മെഷിനറി (എസിഎം) തിരുവനന്തപുരം ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

Related Topics

Share this story