chem

ടൈറ്റാനിക് മുങ്ങിയിട്ടില്ല.!! ചില വെളിപ്പെടുത്തലുകൾ

“ടൈറ്റാനിക് “….മനുഷ്യന്റെ കണ്ടുപിടുത്തങ്ങളുടെ ചരിത്രത്തിലെ ,എന്തുകൊണ്ടും ഏറ്റവും വലിയ ഒന്ന് .അന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും നല്ല സാങ്കേതികവിദ്യയും മനുഷ്യപരിജ്ഞാനവും മനുഷ്യ പ്രയത്നവും ഉപയോഗിച്ച് നിർമിച്ച കടൽ യാനം.നിർമിതിയിലും സൗന്ദര്യത്തിലും ചരിത്രത്താളുകളിൽ വേറിട്ടുനിൽക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് അതിന്റെ തകർച്ചയും. 2000ലധികം ആളുകളുമായി പുറപ്പെട്ട കപ്പൽ 1912 ഏപ്രിൽ 15 നു നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞ് മലയിലിടിച്ചു മുങ്ങിത്താഴ്ന്നതും കപ്പലിലുണ്ടായിരുന്ന ആയിരത്തിയഞ്ഞൂറിലധികം പേർ മരിച്ചു എന്നതും എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. പക്ഷെ അടുത്ത കാലത്തായി ഉയർന്നു വരുന്ന ചോദ്യങ്ങൾ ലോകത്തെ സംശങ്ങളിൽ ആഴ്ത്തുകയാണ്.. ശരിക്കും മുങ്ങിയത് ടൈറ്റാനിക് തന്നെയാണോ ? നിലവിലുള്ള അഭ്യുഹമെന്തെന്നാൽ വൈറ്റ് സ്റ്റാർ ലൈൻ എന്ന കമ്പനി സതാംപ്ടണിൽ നിന്ന് ന്യൂ യോർക്കിലേക്കുള്ള യാത്രക്കായി നൽകിയത് ടൈറ്റാനിക് എന്ന കപ്പൽഭീമനല്ലയെന്നും മറിച്ച് “ഒളിമ്പിക് ” എന്ന പഴയ കപ്പലാണെന്നുമാണ്.ഇതിനു പിന്നിൽ ഇൻഷുറൻസ് തട്ടിപ്പാണെന്നും പറയപ്പെടുന്നു. ഇതിനെ സാധൂകരിക്കുന്ന രീതിയിൽ തെളിവുകളും ഒട്ടും കുറവല്ല.

ബ്രിട്ടീഷ് വൈറ്റ് സ്റ്റാർ കമ്പനിക്ക് ഇംഗ്ലണ്ടിലും ലോകമെമ്പാടും കടുത്ത മത്സരങ്ങൾ ഉണ്ടായിരുന്നു. ഇംഗ്ളിൻഡിൽ ക്യൂനാർഡ് സ്റ്റീ൦ ഷിപ് കമ്പനി ലിമിറ്റഡ് ആയിരുന്നു അവരുടെ മുഖ്യ എതിരാളി .ഇവർ തങ്ങളുടെ അക്കാലത്തുണ്ടായിരുന്നതിൽ വച്ചേറ്റവും വലിയ യാത്ര കപ്പലുകളായ “ലൂസിറ്റാനിയ “, “മോറിറ്റേനിയ ” എന്നിവയുടെ ആദ്യ യാത്രകൾ 1906 ലും 1907 ലുമായി നടത്തി. വൈറ്റ് സ്റ്റാറിന്റെ ഭീമൻ കപ്പലുകൾക്ക് പക്ഷെ വേഗതയുടെ കാര്യത്തിൽ ക്യൂനാർഡിന്റെ കപ്പലുകളെ തോൽപ്പിക്കാനായില്ല. ഈ തോൽവി മറികടക്കാനായുള്ള പരിശ്രമത്തിലായി പിന്നീടവർ. 1902 ൽ, അന്നത്തെ പേരുകേട്ട സാമ്പത്തിക ഇടപാടുകാരനായിരുന്ന ജെ. പി. മോർഗാന് നിക്ഷേപമുള്ള ഇന്റർ നാഷണൽ മെർക്കന്റൈൽ മറൈൻ കമ്പനി {ഐ എം എം } യുടെ ഭാഗമായി വൈറ്റ് സ്റ്റാർ ലൈൻ. മോർഗന്റെ സമ്മതത്തോടെ വൈറ്റ് സ്റ്റാർ കമ്പനി നിർമിക്കാൻ തുടങ്ങിയ ഒളിമ്പിക് ക്ലാസ് എന്നറിയപ്പെട്ട കപ്പലുകൾക്ക്, വേഗതയുടെ കാര്യത്തിൽ ക്യൂനാർഡ് കപ്പലുകളെ മറികടക്കാൻ കഴിഞ്ഞില്ലെങ്കിലും വലിപ്പത്തിൻറെയും ആഡംബരത്തിന്റെ കാര്യത്തിൽ അവയെ വെല്ലുന്നവയായിരുന്നു.” ഒളിമ്പിക്” , “ടൈറ്റാനിക്‌”, “ബ്രിട്ടാനിക് ” എന്നിവയായിരുന്നു ആ കപ്പലുകൾ. ഒളിമ്പിക് ആയിരുന്നു ആദ്യം നിർമിക്കപ്പെട്ട കപ്പൽ. അതിന്റെ അഞ്ചാമത്തെ യാത്രയിൽ ഒളിമ്പിക്കിന് ഒരപകടം സംഭവിച്ചു. 1911 സെപ്റ്റംബർ 20 നു ഹോക്ക് എന്ന സൈനികക്കപ്പലിനെ മറികടക്കവേ അവ തമ്മിൽ കൂട്ടിയിടിച്ചു. ഒളിമ്പിക്കിനു തിരിച്ച് കരക്കടുക്കാനായെങ്കിലും വളരെ ഗുരുതരമായ നാശ നഷ്ടങ്ങൾ സംഭവിച്ചിരുന്നു.. അഭ്യുഹങ്ങൾ പറയുന്നത്, ഒളിമ്പിക് ഒരു വൻ സാമ്പത്തിക പരാജയമായിരുന്നു എന്നാണ്..അപകടത്തിനുത്തരവാദി വൈറ്റ് സ്റ്റാർ ലൈൻ ആയതുകൊണ്ടുതന്നെ, ഒളിമ്പിക്കിന്റെ അറ്റകുറ്റപ്പണികൾക്കുള്ള സാമ്പത്തിക ബാധ്യത ഇൻഷുറൻസ് തുക നികത്തില്ല എന്നറിഞ്ഞപ്പോൾ അവർ വേറൊരു തന്ത്രം മെനഞ്ഞു.

ടൈറ്റാനിക്ക് എന്ന പേരിൽ ഒളിമ്പിക്കിനെ ഇറക്കുക. അതിനെ അപായപ്പെടുത്തി ഇൻഷുറൻസ് തുക കൈപ്പറ്റുക.ഈ തിരുമറിയുടെ ആസൂത്രണം ഏറ്റവും പ്രധാനികളായ, ജെ. പി. മോർഗൻ, ജെ ബ്രൂസ് ഇസ്മെയ്, ലോർഡ് പിയറി, തോമസ് ആൻഡ്രൂസ് എന്നിവരിൽ ഒതുങ്ങി നിന്നു.രണ്ടു കപ്പലുകളും തമ്മിലുണ്ടായിരുന്ന രൂപസാദൃശ്യം ഇതിനു സഹായകമായി. അവരാദ്യം ചെയ്തത് ഒളിമ്പിക്കിന്റെ ടൈൽസിട്ട നിലം മുഴുവൻ കാർപ്പെറ്റുകൾ വിരിച്ചു ടൈറ്റാനിക്കിന്റേത് പോലെ ആക്കുക എന്നതാണ്. കൂടുതൽ വിശ്വാസയോഗ്യമാക്കാൻ ശരിക്കുമുള്ള ടൈറ്റാനിക്കിൻറെ “B ” ഡെക്കിലെ ക്യാബിനുകൾ എടുത്ത് ഒളിംപിക്സിൽ മാറ്റിസ്ഥാപിച്ചു. ഇതുപോലെ വേറെയും ചില ഭാഗങ്ങൾ മാറ്റിയിരിക്കാം എന്ന് കരുതപ്പെടുന്നു.എന്നാൽ “C ” ഡെക്കിലെ വശത്തുള്ള ദ്വാരങ്ങളുടെ എണ്ണത്തിൽ ഇരുകപ്പലുകളിലും വ്യത്യാസമുണ്ട്. ടൈറ്റാനിക്കിന്റെ നിർമ്മാണ സമയത്തുള്ള ചിത്രങ്ങളിൽ ഒരേയകലത്തിലുള്ള 14 ദ്വാരങ്ങളാണ് കാണാനാവുന്നത്. എന്നാൽ ഈ പേരിൽ 1912 ഏപ്രിലിൽ മുങ്ങിപ്പോയ കപ്പലിന് വ്യത്യസ്ത അകലങ്ങളിലുള്ള 16 ദ്വാരങ്ങളാണെന്നു അതിന്റെ യാത്രാവേളയിൽ എടുത്ത ചിത്രങ്ങൾ കാണിച്ചുതരുന്നു.

ബെൽഫാസ്റ്റിലെ Harland & Wolff കപ്പൽനിർമ്മാണ കേന്ദ്രത്തിൽ, അന്ന് ടൈറ്റാനിക്കിന്റെ നിർമ്മാണസമയത്തുണ്ടായിരുന്ന തൊഴിലാളികൾ, പിന്നീട് ഈ കപ്പൽ തിരിമറി യെക്കുറിച്ചു അറിവുള്ളതായും, കമ്പനിയുടെ ഭീഷണി പേടിച്ചാണ് അക്കാലത്തു പറയാതിരുന്നതെന്നും വെളിപ്പെടുത്തിയതായി സൂചനയുണ്ട്.ടൈറ്റാനിക്കിന്റെ ചരിത്രം കുറിക്കപ്പെടുന്ന ആദ്യ യാത്രയിൽ താനുമുണ്ടാകുമെന്നു പരസ്യപ്പെടുത്തിയ ഉടമകൂടിയായ ജെ. പി .മോർഗനും , ജെ ബ്രൂസ് ഇസ്മെയും കുടുംബവും ആരോഗ്യകാരണങ്ങളാൽ അവസാന നിമിഷം യാത്ര ചെയ്യാതെ പിന്മാറുകയും പിന്നീടവരെ രണ്ടു ദിവസത്തിന് ശേഷം യഥാക്രമം ഫ്രാൻസിലും വെയ്ൽസിലും പൂർണആരോഗ്യത്തോടെ കണ്ടതായും പറയപ്പെടുന്നു. കപ്പൽ സൗതാംപ്ടണിൽ നിന്നും യാത്ര പുറപ്പെടുന്നതിനൊരു മണിക്കൂർ മുൻപ് വിലപിടിപ്പുള്ള ഏഴു വെങ്കല പ്രതിമകൾ അതിൽ നിന്നും മോർഗൻ മാറ്റിയതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. നടക്കാൻ പോകുന്ന അപകടത്തെക്കുറിച്ചു ഇവർക്കുണ്ടായിരുന്നു സൂചനയുടെ ഭാഗമായാണോ ഇവരിതെല്ലാം ചെയ്തതെന്ന അഭ്യുഹത്തിലേക്കു നയിക്കുന്നതാണിവയെല്ലാം.

ടൈറ്റാനിക് അപകടം നടക്കുന്ന സമയത്തു ഏറ്റവും സമീപത്തായി ഉണ്ടായിരുന്ന യാത്രാക്കപ്പലായ എസ് എ സ് കാലിഫോർണിയൻ, യാത്രക്കാരാരുമില്ലാതെ പുതപ്പുകളും മറ്റു തുണികളും മാത്രം നിറഞ്ഞ ചരക്കുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ടതും, ടൈറ്റാനിക്കിൻറെ കപ്പിത്താൻ Captain Lord, കൂടുതൽ ടിക്കറ്റുകൾ തന്റെ കയ്യിലുണ്ടായിരുന്നിട്ട് കൂടി ആളുകൾക്ക് വിൽക്കാതിരുന്നതും സംശയം ബലപ്പെടുത്തുന്നു. 1935 ൽ ഒളിമ്പിക്കിൻറെ സേവനം നിർത്തിയതിനെത്തുടർന്ന്, അതിൽനിന്നു പൊളിച്ചുമാറ്റിയ ചില മരഉരുപ്പടികൾ, യു കെ യിലെ ആനിക്കിലെ “വൈറ്റ് സ്വാൻ “ഹോട്ടലിന് നൽകുകയുണ്ടായി. അതിലെ ഒരു പാളിയിൽ 401 എന്ന നമ്പറുണ്ടായിരുന്നു. ഇത് ടൈറ്റാനിക് നിർമിച്ച വേളയിൽ അതിനു നൽകപ്പെട്ട നമ്പറായിരുന്നു. യഥാർത്ഥത്തിൽ ഒളിമ്പിക്കിൽ നിന്നായിരുന്നെങ്കിൽ അതിന്റെ നമ്പർ 400 ആകുമായിരുന്നു. മറ്റൊന്ന്, ടൈറ്റാനിക്കിന്റെ ആദ്യയാത്രക്ക് മുന്നോടിയായി നടത്തിയ വിളംബരത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഒളിമ്പിക്കിന്റേതാണെന്നാണ്. തകർന്ന RMS ടൈറ്റാനിക് എന്ന കപ്പലിന്റെ ചിത്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കവേ മനസ്സിലാക്കാൻ സാധിച്ചത്, അതിൽക്കാണുന്ന ജനാലകൾക്കും ദ്വാരങ്ങൾക്കും RMS ഒളിംപിക്കിനോട് സാമ്യമുണ്ടെന്നതാണ്. 1985 സെപ്തംബർ 1 നു യു എസ് നേവി കണ്ടുപിടിക്കുമ്പോൾ,എഴുപതു വര്ഷങ്ങള്ക്കു മുൻപ് തകർന്ന ടൈറ്റാനിക് കപ്പൽ, നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ പന്ത്രണ്ടായിരം അടിയോളം താഴ്ചയിൽ അനക്കം തട്ടാതെ കിടന്നിരുന്നു. ഇന്നിപ്പോൾ ലോഹത്തെ ജീർണ്ണിപ്പിക്കുന്ന ബാക്റ്റീരിയകൾ ടൈറ്റാനിക്കിനെ തിന്നു കൊണ്ടിരിക്കുകയാണ്. . 2030 ഓട് കൂടി ടൈറ്റാനിക് പൂർണമായും ഇല്ലാതാകും എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പക്ഷെ അന്നും ” ടൈറ്റാനിക്” എന്ന വിശേഷിപ്പിക്കപ്പെടുന്ന കപ്പൽ തകർച്ചയ്ക്ക് പിന്നിലെ ദുരൂഹതകൾ തുടർന്നുകൊണ്ടേയിരിക്കാം …

You might also like

Comments are closed.