Times Kerala

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനം പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം

 

തെരഞ്ഞെടുക്കപ്പെട്ട പട്ടികവര്‍ഗ്ഗ മേഖലകളില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരായി പട്ടികവര്‍ഗ്ഗ (എസ്.റ്റി) വിഭാഗത്തില്‍പെട്ട എം.എസ്.ഡബ്ലിയു/എം.എ സോഷ്യോളജി/എം.എ ആന്ത്രോപോളജി പാസായവരില്‍ നിന്നും വിവിധ ജില്ലകളിലെ 38 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. (തിരുവനന്തപുരം-രണ്ട്, ആലപ്പുഴ-ഒന്ന്, പത്തനംതിട്ട-ഒന്ന്, ഇടുക്കി-നാല്, കോട്ടയം-മൂന്ന്, എറണാകുളം-രണ്ട്, തൃശൂര്‍-ഒന്ന്, പാലക്കാട്-മൂന്ന്, മലപ്പുറം-മൂന്ന്, കോഴിക്കോട്-രണ്ട്, വയനാട്-ഒന്‍പത്, കണ്ണൂര്‍-നാല്, കാസര്‍ഗോഡ്-മൂന്ന്) ഏത് ജില്ലയിലേക്കാണോ നിയമനം ലഭിക്കേണ്ടത് ആ ജില്ലകളിലെ പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് ജൂലൈ 30നകം അപേക്ഷ സമര്‍പ്പിക്കണം. അടിയ, പണിയ, പ്രാക്തന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും നിയമനത്തില്‍ ആദ്യപരിഗണന നല്‍കും. കാട്ടിനുള്ളിലും, വന്യമൃഗ സങ്കേതങ്ങളിലും ഉള്ള കോളനികളില്‍ ഒറ്റക്ക് യാത്ര ചെയ്യുന്നതിനും നിയമനം നല്‍കുന്ന ഏത് പ്രദേശത്തും സമയക്രമം അനുസരിച്ചും വകുപ്പിന്റെ ആവശ്യകത അനുസരിച്ചും, കോളനികള്‍ സന്ദര്‍ശിക്കുവാന്‍ സന്നദ്ധതയുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കിലോമീറ്ററോളം കാല്‍നടയായി യാത്ര ചെയ്യേണ്ടതും ചെങ്കുത്തായ വനപ്രദേശങ്ങളിലൂടെ നടക്കേണ്ടതുമായതിനാല്‍ നടക്കാന്‍ പ്രയാസമുള്ളവര്‍ നിയമനത്തിന് അപേക്ഷിക്കേണ്ടതില്ല. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയില്‍ പേര്, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, ജാതി, വാര്‍ഷികവരുമാനം എന്നിവ വ്യക്തമാക്കണം. കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്ന സമയത്ത് രേഖകളുടെ അസ്സല്‍ ഹാജരാക്കണം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം ഓണറേറിയമായി 20000/-രൂപ അനുവദിക്കും. വകുപ്പിലെ മറ്റ് തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് ഈ നിയമനം പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്നവര നിയമനം ലഭിക്കുന്ന സ്ഥലങ്ങളില്‍ ഒരു വര്‍ഷക്കാലം സ്ഥിരമായി ജോലി ചെയ്യുമെന്ന് കരാര്‍ ഒപ്പിടണം. പി.എസ്.സി നിയമനം ലഭിച്ചാലോ പഠനത്തിന് പ്രവേശനം ലഭിക്കുമ്പോഴോ മാത്രമേ ഇളവ് അനുവദിക്കൂ. നിശ്ചിത യോഗ്യതയുള്ള പട്ടികവര്‍ഗ്ഗക്കാരെ ലഭിക്കാതെ വന്നാല്‍ ഇതര വിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ളവരേയും (എം.എസ്.ഡബ്ല്യു) നിയമിക്കും.

Related Topics

Share this story