Times Kerala

കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു

 
കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിര്‍മ്മിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ നാലരവര്‍ഷമായി മൃഗസംരക്ഷണ വകുപ്പ് വലിയ മുന്നേറ്റമാണ് സംസ്ഥാനത്ത് കാഴ്ച വെച്ചതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജനങ്ങളില്‍ മൃഗസംരക്ഷണ രംഗത്ത് അവബോധം സൃഷ്ടിക്കുവാന്‍ വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംരംഭകര്‍ക്ക് മൃഗസംരക്ഷണ മേഖലയെക്കുറിച്ച് ശാസ്ത്രീയ പരിശീലനം നല്‍കുക, മേഖലയിലെ സാധ്യതകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക, മുട്ടയുല്‍പാദനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

1.5 കോടി രൂപ ചെലവില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 1. 68 ഏക്കറിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നിര്‍മ്മിച്ചത്. ഇതിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. രണ്ട് നിലകളിലായാണ് ഓഫീസ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ താഴത്തെ നിലയില്‍ എഡിസി പ്രൊജക്ട് ഓഫീസ്, സ്റ്റോര്‍ എന്നിവയും ഒന്നാമത്തെ നിലയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍ സൗകര്യവും ഉണ്ട്.
മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോട് കൂടി 3.15 കോടി രൂപ ചെലവിലാണ് കക്കാട് കെട്ടിടം നിര്‍മ്മിച്ചത്. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട് ജില്ലകളിലുള്ള കര്‍ഷകര്‍ക്കും ഈ മേഖലയിലേക്ക് പുതുതായി എത്തുന്ന സംരംഭകര്‍ക്കുമാണ് മൃഗസംരക്ഷണ മേഖലയിലെ 16 വിഷയങ്ങളില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നത്.

കര്‍ഷകര്‍ക്കുള്ള പരിശീലനത്തിന് പുറമെ, പുതുതായി നിയമിതരാകുന്ന ലൈവ് സ്്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള പരിശീലനവും വകുപ്പിലെ ഡോക്ടര്‍മാര്‍ക്കും ഇന്‍സ്പെക്ടര്‍മാര്‍ക്കുമുള്ള തുടര്‍ പരിശീലന പരിപാടികളും ഇവിടെ നടന്നു വരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ എക്‌സിബിഷന്‍ ഹാള്‍, ലൈബ്രറി, ഓഫീസ് മുറി എന്നിവയും ആദ്യത്തെ നിലയില്‍ മിനി കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിങ്ങ് ഹാള്‍, ഗസ്റ്റ് റൂം എന്നിവയും രണ്ടാമത്തെ നിലയില്‍ ഡോര്‍മിറ്ററി, റിക്രീയേഷന്‍ റൂം എന്നിവയുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്കുള്ള കോഴികളെ ഉല്‍പാദിപ്പിക്കുന്നത്. പുതിയ ഹാച്ചറി യാഥാര്‍ഥ്യമാകുന്നതോടെ മാസംതോറും 50,000 ത്തിനു പകരം ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗസംരക്ഷണ വകുപ്പ്. 333.43 ച.കി മീറ്റര്‍ വിസ്തീര്‍ണത്തില്‍ റൂഫിങ്ങ് ഷീറ്റ് ചെയ്താണ് ഹാച്ചറി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരദാനം കര്‍ഷകര്‍ക്കുള്ള ദുരന്തനിവാരണ ആനുകൂല്യ വിതരണം പദ്ധതി ആനുകൂല്യ വിതരണം എന്നിവയും നടന്നു.മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് ബോബു എളയാവൂര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ അഡ്വ. പി കെ അന്‍വര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എം ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം പി ഗിരീഷ് ബാബു, മൃഗസംരക്ഷണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ. വിന്നി ജോസഫ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ജിഷാകുമാരി, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story