Times Kerala

ലൈഫ് മിഷന്‍: പ‍ാലക്കാട് ജില്ലയില്‍ പൂര്‍ത്തിയായത് 19650 വീടുകൾ

 
ലൈഫ് മിഷന്‍: പ‍ാലക്കാട് ജില്ലയില്‍ പൂര്‍ത്തിയായത് 19650 വീടുകൾ

പ‍ാലക്കാട്: ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ണ്ണമാകാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമാണ് നടന്നത്. അത്തരത്തില്‍ 8090 വീടുകള്‍ കണ്ടെത്തിയതില്‍ 7604 വീടുകള്‍ പൂര്‍ത്തിയായി. പട്ടികവര്‍ഗ വകുപ്പ് മുഖേന 3473 വീടുകള്‍, മുനിസിപ്പാലിറ്റി തലത്തില്‍ 396, മൈനോറിറ്റി വെല്‍ഫയര്‍ വകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 516, ഗ്രാമപഞ്ചായത്തുകള്‍ മുഖേന 737, ബ്ലോക്ക് പഞ്ചായത്തുകള്‍ 2480 എന്നിങ്ങനെയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്.

രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് വീട് നല്‍കിയത്. 12,914 വീടുകള്‍ കരാര്‍ വെച്ചതില്‍ 11,708 വീടുകള്‍ പൂര്‍ത്തിയാക്കുകയുണ്ടായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് സര്‍വെ നടത്തിയത്. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങള്‍, വീടുകള്‍ എന്നിവ നിര്‍മിച്ചു നല്‍കുന്ന മൂന്നാം ഘട്ടത്തില്‍ 338 വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 11,635 ഗുണഭോക്താക്കളെയാണ് അര്‍ഹരായി കണ്ടെത്തിയത്. ആദ്യ പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മാണം ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റിയിലെ വെള്ളപ്പന കോളനിയില്‍ പുരോഗമിക്കുന്നു.

Related Topics

Share this story