Times Kerala

സിനിമ കാണാൻ ആരും തിയേറ്ററിൽ പോകരുത്..! കാരണം സിനിമ കാണാൻ പറ്റാതെ നിങ്ങൾ നിരാശപ്പെട്ടേക്കാം..; കുറിപ്പ്

 
സിനിമ കാണാൻ ആരും തിയേറ്ററിൽ പോകരുത്..! കാരണം സിനിമ കാണാൻ പറ്റാതെ നിങ്ങൾ നിരാശപ്പെട്ടേക്കാം..; കുറിപ്പ്

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കിയ ‘വെള്ളം’ എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആർ രാമാനന്ദ് എന്ന വ്യക്തി ഫെയ്സ്ബുക്കിൽ കുറിച്ച നിരൂപണം ശ്രദ്ധേയമാകുകയാണ്.

ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം…

വെള്ളം സിനിമ കണ്ടു, ഇല്ല കണ്ടില്ല, ഇറങ്ങിയ അന്നുതന്നെ സിനിമയ്ക്ക് പോയി. പക്ഷേ നിരാശപ്പെട്ടു പോയി. കാരണം ഒരു ഇടവേളക്ക് ശേഷം ഒരു സിനിമ കാണണം എന്ന മോഹം നടന്നില്ല. ഒട്ടും സിനിമയില്ലാത്ത ഒരു കാഴ്ചയായിരുന്നു സ്ക്രീനിൽ. ആ അർത്ഥത്തിൽ ഞാൻ പറ്റിക്കപ്പെട്ടു എന്ന് വേണമെങ്കിൽ പറയാം. സിനിമ കാണിക്കാം എന്നു പറഞ്ഞു. ‘മുരളിയുടെ ജീവിതത്തിലേക്ക് ഒരു ക്യാമറ വെച്ചു പോയതുപോലെ’. ഒരു യഥാർത്ഥ കഥയും കഥാപാത്രവും കഥയായി അല്ലാതെ പച്ചയായി നമുക്കിടയിൽ ജീവിച്ചിരിക്കുമ്പോൾ ഒരു കഥാകാരനെ സംബന്ധിച്ച് അതോപ്പിയെടുക്കുക, മിഴിവൊട്ടും ചോർന്നു പോകാതെ സ്ക്രീനിൽ പകർത്തി വെയ്ക്കുക. ഇതൊക്കെ ഏതാണ്ട് അസാദ്ധ്യം തന്നെയാണ്. പ്രജേഷ് കയ്യടക്കത്തോടെ ഇത് നിർവഹിച്ചിരിക്കുന്നു. ജയസൂര്യ എന്ന നമുക്കൊക്കെ പരിചയമുള്ള മലയാളത്തിലെ ഒരു നടനോട് രൂപത്തിൽ മാത്രം സാദൃശ്യമുള്ള ഒരാളാണ് സിനിമയിലെ വെള്ളം മുരളി. പ്രതിഭയുടെ മേൽ കച്ച കൊണ്ടു മൂടി മുൻ മാതൃകകളെ ഒരല്പം പോലും പുറത്തുകാണിക്കാതെ ഉള്ള ആട്ടമാണ് വെള്ളം മുരളിയായി സ്ക്രീനിൽ ആടി തീർക്കുന്നത്. ആട്ടം തിരശ്ശീലയിൽ ആയിരുന്നുവെങ്കിലും, അതിൻ്റെ തിരയിളക്കം കാണുന്നവൻ്റെ നെഞ്ചിനകത്താണ്, അതും സ്ക്രീനിരിക്കുന്നയിടം വിട്ട് നാം അകലേക്ക് പോയിട്ടും എത്രയോ കാലം നെഞ്ചിൽ ആ തിരയിളക്കം ബാക്കി നിൽക്കുന്നു. സിനിമയുടെ തേഡ് വാളും ഫോർത്ത് വാളും ഇനി അതിന് മുകളിൽ അതിരുകളുണ്ടെങ്കിൽ അതും ബ്രേക്ക് ചെയ്യുക എന്ന ‘സാങ്കേതികത്വങ്ങൾ’ ഒരു ട്രൻ്റ് ആയി നിൽക്കുന്ന കാലത്ത്. കാഴ്ചയുടെ എല്ലാ സീമകളേയും ലംഘിച്ച് കഥാപാത്രം നമ്മുടെ വീട്ടിൽ ഒരാളായി തീരുന്നതിൻ്റെ വിസ്മയം വെള്ളത്തിൽ സംഭവിച്ചിട്ടുണ്ട്. ആകാശമായവളെ എന്ന ഒരു മനോഹര ഗാനം അതിമനോഹരമായി ഷഹബാസ് പാടിയത് സിനിമയിലുണ്ട്. ഒരുപക്ഷേ ആകാശ വ്യാപ്തി ഉൾക്കൊള്ളുന്ന ഒരു കഥാപാത്രം അവതരിപ്പിക്കാൻ ഉള്ള വലിപ്പം സംയുക്ത എന്ന അഭിനേതാവിന് ഉണ്ട് എന്നതിൻ്റെ തെളിവാണ് വെള്ളം. സിനിമ കാണാൻ ആരും തിയേറ്ററിൽ പോകരുത് കാരണം സിനിമ കാണാൻ പറ്റാതെ നിങ്ങൾ നിരാശപ്പെട്ടേക്കാം, അത്രയ്ക്ക് ജീവിത മുഹൂർത്തങ്ങളാൽ സമ്പന്നമായ ഒരു മാസ്മരിക കഥ! തികച്ചും സത്യമായ ഒരു കഥ! (സത്യവും കഥയും ഇണച്ചേരുന്നത് കണ്ടിട്ടുണ്ടോ? അതാണീ പ്രോഡക്ക്റ്റ്)

Related Topics

Share this story