Nature

കാശില്ലാത്തവനും വിശപ്പകറ്റാം, ഈ ഭക്ഷണശാലയിൽ.!!

കിടപ്പ് രോഗികളായ പാവപ്പെട്ടവർക്ക് ഇടതടവില്ലാതെ അന്നമെത്തിച്ചു തുടക്കം….. അങ്ങനെയുള്ളവർക്ക് വിശന്നിരിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുവാൻ കഴിയുമായിരുന്നില്ല. അവരുടെ കയ്യിൽ ഭക്ഷണത്തിനുള്ള പണമുണ്ടോ എന്നതും കാര്യമായിരുന്നില്ല. പട്ടിണി കിടക്കുന്നവന്റെ വിശപ്പ് മാറ്റുക എന്നതുമാത്രമായിരുന്നു ലക്‌ഷ്യം. വിശപ്പു രഹിത നഗരം എന്നത് സ്വപ്നം കണ്ടുകൊണ്ട് ഒരു പറ്റം പാലിയേറ്റീവ് കെയർ പ്രവർത്തകർ തുടങ്ങി വച്ച സംരംഭമാണ് ” ജനകീയ ഭക്ഷണ ശാല ” അതിന് ചുക്കാൻ പിടിച്ചത് കേരളത്തിന്റെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കും. ജനകീയ ഭക്ഷണശാലയുടെ പ്രത്യേകത എന്തെന്നാൽ ഇവിടെ ഭക്ഷണങ്ങളുടെ വില വിവര പട്ടികകളോ , കാഷ്യറെയോ നിങ്ങൾക്ക് കാണാൻ കഴിയില്ല. ഒരു ചില്ലു പെട്ടി മാത്രം. നിങ്ങളുടെ കയ്യിൽ ഉള്ളത് പോലെ നിങ്ങൾക്ക് അതിൽ പണം നിക്ഷേപിക്കാം. ഇല്ലെങ്കിലും കുഴപ്പമില്ല . കാരണം വിശപ്പിനറുതി വരുത്തി മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം നിറവേറ്റുക എന്നതാണ് ജനകീയ ഭക്ഷണ ശാലയുടെ ലക്‌ഷ്യം. ഏറ്റവും രുചികരമായ ഭക്ഷണം കഴിച്ചു പത്തു രൂപ മുതൽ പതിനായിരം രൂപ വരെ ചില്ലുപെട്ടിയിൽ നിക്ഷേപിക്കുന്നവർ ഉണ്ടിവിടെ. സഹജീവിയോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്തമായ ഉദാഹരണം. ആലപ്പുഴ ചേർത്തല ബസ് റൂട്ടിൽ കലവൂരിലാണ് ജനികീയ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിൽ സംസ്ഥാന ബഡ്ജറ്റിന്റെ മുപ്പത്തിയഞ്ച് ശതമാനവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ജനങ്ങൾക്ക് അവരുടേതായ തീരുമാനങ്ങൾ എടുക്കാനും നടപ്പിലാക്കാനും ജീവിക്കാനുമുള്ള ചുറ്റുപാട് ഒരുക്കാൻ പറ്റുന്ന തരത്തിലുള്ള ഉറച്ചതീരുമാനം കൈക്കൊണ്ട ധനകാര്യ മന്ത്രിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല ഈ സംരംഭം ഒരു വിജയമായി തീരും എന്നതിൽ. ജനകീയ ഭക്ഷണ ശാല ഏകദേശം നാന്നൂറു കിടപ്പുരോഗികൾക്ക് അവരുടെ വീടുകളിൽ പോയി ഭക്ഷണം എത്തിക്കുന്നുണ്ട്. പിറന്നാൾ , കല്യാണം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ ചെയ്യുന്ന സംഭാവനകൊണ്ട് അന്നേ ദിവസം അവിടെയെത്തുന്ന എല്ലാവര്ക്കും സാധാരണ ഭക്ഷണത്തിനു പുറമെ ചില പ്രത്യേക വിഭവങ്ങൾ കൂടി ലഭ്യമാക്കുന്നു. ഇതിനോട് ചേർന്ന് ഒരു മാലിന്യ സംസ്കരണ പ്ലാന്റും , വാട്ടർ ട്രീറ്റ്മെന്റ് സെന്ററും പ്രവർത്തിക്കുന്നു. കൂടാതെ രണ്ടരയേക്കർ ജൈവ പച്ചക്കറി തോട്ടവും ഇതിനടുത്തുണ്ട്. ജനകീയ ഭക്ഷണശാല ഒരുകൂട്ടം ആളുകളുടെ സംരംഭമാണ്. സർക്കാർ അതിനു വേണ്ട സഹായം ചെയ്യുന്നു എന്ന് മാത്രം. ജനകീയ ഭക്ഷണ ശാല ഒരിക്കലും ഒരു ” കമ്മ്യൂണിറ്റി കിച്ചൻ” അല്ല . കമ്മ്യൂണിറ്റി കിച്ചൻ അശരണർക്ക് മാത്രം ഭക്ഷണം ലഭ്യമക്കുമ്പോൾ ജനകീയ ഭക്ഷണശാല നാട്ടിലെ മറ്റേതൊരു റെസ്റ്റോറെന്റിനെയും പോലെ തന്നെ ആർക്കും ഭക്ഷണം ലഭ്യമാക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇവിടെ പണമുള്ളവനെന്നും ഇല്ലാത്തവനെന്നും വ്യത്യാസമില്ല. വിശപ്പാണോ നിങ്ങളുടെ പ്രശ്നം ? എങ്കിൽ ഇങ്ങോട്ടു പോന്നോളൂ . നിങ്ങൾക്കുള്ള ഭക്ഷണം ഇവിടെ റെഡിയാണ്.

You might also like