Times Kerala

വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം; വിശദശാംശങ്ങൾ അറിയാം

 
വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം; വിശദശാംശങ്ങൾ അറിയാം

ഡല്‍ഹി: വാര്‍ഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്രീയ വിദ്യാലയം. മൂന്ന് മുതല്‍ 11 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ തീയതി  കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ ഓൺലൈൻ ആയാകും പരീക്ഷകള്‍ നടത്തുക. അന്തിമ ഫലം മാര്‍ച്ച് 31ന് പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ പരീക്ഷ സാധ്യമാകാത്തെ കുട്ടികള്‍ക്ക് മാത്രമായി എഴുത്തുപരീക്ഷ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആകെ 40 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഇതില്‍ 10 മാര്‍ക്ക് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ക്കാണ്. ബാക്കി മാര്‍ക്ക് വിവരണാത്മക, വാചിക രീതിയിലുള്ള ചോദ്യങ്ങള്‍ക്കാണ്. ഒരു മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. വിവരണാത്മക ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാചകങ്ങളില്‍ ഉത്തരം നല്‍കിയാല്‍ മതിയാകും.

ആറു മുതല്‍ എട്ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് ആകെ 80 മാർക്കിനായിരിക്കും പരീക്ഷ. ഇതില്‍ 25 മാര്‍ക്കിന്റെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ വിവരണാത്മക ചോദ്യങ്ങളും 15 മാര്‍ക്കിന്റെ വാചിക ചോദ്യങ്ങളുമുണ്ടാകും. രണ്ട് മണിക്കൂറാകും പരീക്ഷയുടെ ദൈര്‍ഘ്യം. വിവരണാത്മക ചോദ്യങ്ങള്‍ക്ക് കുറഞ്ഞത് ഒരു ഖണ്ഡികയെങ്കിലും ഉത്തരമെഴുതണം.

9, 11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികളുടെ പരീക്ഷ 10, 12 ക്ലാസ്സുകളുടേതിന് സമാനമായിരിക്കും. ഈ ക്ലാസ്സുകാര്‍ക്ക് മൂന്ന് മണിക്കൂറാകും പരീക്ഷ.

അതേസമയം, ഓരോ ക്ലാസ്സിനുമായി കുറഞ്ഞത് നാല് സെറ്റ് ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയിരിക്കണമെന്നും പരീക്ഷകള്‍ക്കായി വ്യത്യസ്ത സമയ പരിധി നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്. ഓഫ്‌ലൈനായി പരീക്ഷയെഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ അനുമതി വേണം. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ അധ്യായന വര്‍ഷമാരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് kvsangathan.nic.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Related Topics

Share this story