Times Kerala

കല്ലുകളെ പ്രസവിക്കുന്ന പാറ.!!

 
കല്ലുകളെ പ്രസവിക്കുന്ന പാറ.!!

യുനെസ്കോ, ഭൗമശാസ്ത്രപരമായി ഏറെ പ്രാധാന്യം കല്പിച്ചിട്ടുള്ള ഒരു പാറക്കല്ലുണ്ടു അങ്ങ് പോർച്ചുഗീസിൽ . ഫ്രീറ്റ താഴ്വരയിലുള്ള, കാസ്തന്യേറ എന്ന ഗ്രാമത്തിനടുത്താണ് 1000 മീറ്ററോളം നീളമുള്ള ഈ ഗ്രാനൈറ്റ്പാറയുള്ളത്. ഇതിൽ നിന്നും ചെറിയ ഉരുളൻ കല്ലുകൾ പുറംതള്ളപ്പെടുന്ന അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണ് ഈ പാറക്കല്ലിനെ പ്രശസ്തമാക്കുന്നത്. “പ്രസവിക്കുന്ന പാറക്കല്ല് ” എന്നർത്ഥം വരുന്ന ” പെദ്രാസ് പരിഴ്ജറസ് ” എന്ന പേരിലാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. പാറയുടെ പ്രതലത്തിൽ, പുറത്തേക്ക് തള്ളിനിൽക്കുന്ന 2 മുതൽ 12 cm വലിപ്പമുള്ള മുഴകൾ കാണാൻ സാധിക്കും. ഇവ അടർന്നു വീഴുന്ന മുറക്ക്

ഗോളാകൃതിയിലുള്ള നിരവധി അടയാളങ്ങൾ പാറക്കല്ലിൽ അവശേഷിക്കുന്നു. ഈ “കുഞ്ഞൻ കല്ലു”കളുടെ ഉപരിതലം, ബയോടൈറ്റ് എന്ന ഒരു പ്രത്യേകയിനം ധാതുവാൽ രൂപപ്പെട്ടതാണ്. ഇതിലുണ്ടാവുന്ന വിടവുകളിൽക്കൂടി മഴത്തുള്ളികളും മഞ്ഞുതുള്ളികളും ഊർന്നിറങ്ങുന്നു. ശൈത്യകാലത്തു തണുത്തുറഞ്ഞു ഐസാകുന്ന ഇവ ചെറിയ തോതിൽ വികസിക്കുകയും, ഇത് “കുഞ്ഞൻ കല്ലിനെ” “അമ്മക്കല്ലിൽ ” നിന്നും അടർത്താൻ കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് ശൈത്യകാലങ്ങൾ കഴിയുമ്പോഴാണ് ഈ ഉരുളന്കല്ലുകൾ പുറംതള്ളപ്പെടുന്നത്. അവിടത്തെ പ്രദേശവാസികൾക്കിത് ഫലഭൂയിഷ്ഠതയുടെ പ്രതീകമാണ്. കുട്ടികളില്ലാത്ത സ്ത്രീകൾ, ഉറങ്ങുമ്പോൾ തലയിണക്കടിയിൽ ഇത്തരത്തിലൊരു ചെറിയ കല്ല് വക്കുന്നത്, സന്താനലബ്ധിയുണ്ടാക്കുമെന്നാണ് അവരുടെ വിശ്വാസം!! ഇത്തരത്തിൽ ചൈനയിലെ സാൻടൂ പ്രദേശത്തും “മുട്ടയിടുന്ന മുനമ്പ്” എന്ന് വിളിപ്പേരിൽ ഒരു പാറയുണ്ട്. ഈ പാറയിൽ നിന്നും വരുന്ന മുട്ടയുടെ ആകൃതിയിലുള്ള കല്ലുകൾക്ക് 30 മുതൽ 60 cm വരെ വലിപ്പവും 300 കിലോയോളം തൂക്കവും ഉണ്ടാകും. മുപ്പതു വർഷത്തിലൊരിക്കൽ പുറംതള്ളപ്പെടുന്ന ഈ കല്ലുകൾ ഒരു ഭാഗ്യ ചിഹ്നമായാണ് അവിടുത്തെ പരിസരവാസികളും കരുതുന്നത്. ഇത്തരത്തിൽ ഒരു പാറയിൽ നിന്നും അനേകായിരം കല്ലുകൾ രൂപപ്പെടുന്ന ഈ പ്രതിഭാസത്തിനുള്ള യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞർ.

Related Topics

Share this story