Nature

‘മക്കളെ കൊല്ലാൻ പറഞ്ഞത് അദൃശ്യ‌ ശക്തി,  24 മണിക്കൂറിൽ പുനരുജ്ജീവിപ്പിക്കാം’; കൊലപാതകത്തിൽ ദുരൂഹത തുടരുന്നു

ചിറ്റൂർ:  ആന്ധ്രപ്രദേശിലെ മദനപ്പള്ളെയിൽ രണ്ടു പെണ്‍മക്കളെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ  ദുരൂഹത തുടരുന്നു. അച്ഛനും അമ്മയും ചേർന്നാണു രണ്ടുപേരെയും കൊന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഞായറാഴ്ചയാണ് ഇരുവരെയും കൊന്നതെന്നും  മക്കള്‍ പുനര്‍ജനിക്കുമെന്ന് ഒരു മന്ത്രവാദി പറ‍ഞ്ഞതായും മാതാപിതാക്കള്‍ പൊലീസിനോടു വെളിപ്പെടുത്തി.

മദനപ്പള്ളെയിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പദ്മജ (50), തന്റെ പെൺമക്കളായ അലേക്യ (27), ദിവ്യ സായി (22) എന്നിവരെ ത്രിശൂലം കൊണ്ടു കുത്തിയശേഷം പിന്നീടു ഡംബൽ കൊണ്ടു മർദിച്ചെന്നാണു കേസ്. ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എം.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്.

പ്രതിയുടെ ഭർത്താവ് പുരുഷോത്തം നായിഡു മദനപ്പള്ളെ ആസ്ഥാനമായുള്ള ഗവ. ഡിഗ്രി കോളജ് ഫോർ വിമനിലെ പ്രിൻസിപ്പലാണ്. ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെൺമക്കളെ കൊല്ലാൻ നിർദേശം നൽകിയതെന്ന് ഇവർ പറഞ്ഞതായാണു വിവരം. മക്കളെ പുനരുജ്ജീവിപ്പിക്കാൻ 24 മണിക്കൂർ സമയം നൽകണമെന്ന് ഇവർ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

 

You might also like