Times Kerala

ഐ.സി.ജി.ഇ സമ്മേളനത്തില്‍ ജെന്‍ഡര്‍ പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാകും

 
ഐ.സി.ജി.ഇ സമ്മേളനത്തില്‍ ജെന്‍ഡര്‍ പാര്‍ക്ക് പ്രവര്‍ത്തനസജ്ജമാകും

കോഴിക്കോട്: ലിംഗസമത്വവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കോഴിക്കോട്ട് ആരംഭിച്ച ജെന്‍ഡര്‍ പാര്‍ക്ക്, ലിംഗസമത്വത്തിനായുള്ള രണ്ടാം അന്താരാഷ്ട്ര സമ്മേളന (ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ജെന്‍ഡര്‍ ഇക്വാളിറ്റി- ഐ.സി.ജി.ഇ-2) വേദിയില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 11, 12, 13 തിയതികളിലാണ് ഐ.സി.ജി.ഇ 2 നടക്കുന്നത്. രാവിലെ പത്തിന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഐ.സി.ജി.ഇ-2 യ്ക്കൊപ്പം ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസില്‍ നടക്കുന്ന സമ്മേളനത്തില്‍ ജെന്‍ഡര്‍ മ്യൂസിയം, ജെന്‍ഡര്‍ ലൈബ്രറി, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ആംഫി തിയേറ്റര്‍ എന്നിവയുടെ സമര്‍പ്പണവും നടക്കും. വനിതാ സംരംഭകര്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വിപണന സ്ഥലം ലഭ്യമാക്കാനും ഉദ്ദേശിച്ചുള്ള ഇന്‍റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്‍ററി(ഐ.ഡബ്ല്യു.ടി.സി)ന്‍റെ ശിലാസ്ഥാപനവും ചടങ്ങിനോടനുബന്ധിച്ച് മുഖ്യമന്ത്രി നിര്‍വഹിക്കും.

ഐ.സി.ജി.ഇ-2 ലെ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് ലിംഗസമത്വത്തോടെയുള്ള സുസ്ഥിര വികസനം, സുസ്ഥിര സംരംഭകത്വം, സാമൂഹ്യവ്യാപാരം എന്നിവ സംബന്ധിച്ച് കരട് നയം സമ്മേളനത്തിനൊടുവില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. പിന്നീട് വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം ഇത് ഓദ്യോഗികമായി സര്‍ക്കാര്‍ നയമായി മാറും. ഐക്യരാഷ്ട്ര സംഘനയുടെ യുഎന്‍ വിമണ്‍ ദക്ഷിണേഷ്യന്‍ ഹബ്ബ് ആരംഭിക്കാനായി ജെന്‍ഡര്‍ പാര്‍ക്കുമായി ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. ഇതോടെ കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്ക് യുഎന്‍ വുമണിന്‍റെ ദക്ഷിണേഷ്യന്‍ കേന്ദ്രമായി മാറുമെന്നും ശ്രീമതി കെ കെ ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

‘സുസ്ഥിര സംരംഭകത്വത്തിലും സാമൂഹ്യ വ്യാപാരത്തിലും ലിംഗസമത്വം: ശാക്തീകരണത്തിന്‍റെ മധ്യസ്ഥത’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു.എന്‍. വിമണിന്‍റെ പങ്കാളിത്തത്തോടെ നടത്തുന്ന സമ്മേളനം. കേരളത്തിലെ വനിതാ നവോത്ഥാന പ്രസ്ഥാനങ്ങള്‍, സമരങ്ങള്‍, ചരിത്രാതീത കാലം മുതല്‍ സ്ത്രീസമൂഹത്തിനുണ്ടായ പരിണാമത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ജെന്‍ഡര്‍ മ്യൂസിയം, ലിംഗഭേദത്തെക്കുറിച്ചും അവയുടെ പങ്കിനെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കാനുള്ള ഉദ്യമമായ ജെന്‍ഡര്‍ ലൈബ്രറി, അഞ്ഞൂറിലധികം പേരെ ഉള്‍ക്കൊള്ളിച്ച് പ്രീ-എക്സലന്‍സ് പ്രകടനങ്ങള്‍ക്കായി അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഹരിതാഭമായ പശ്ചാത്തലത്തിലുള്ള ആംഫി തിയേറ്റര്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ജെന്‍ഡര്‍ പാര്‍ക്കിന്‍റെ ഒന്നാം ഘട്ടം.

സമ്മേളനത്തില്‍ ഒന്‍പത് പ്ലീനറി സെഷനുകളും ഒന്‍പത് പാരലല്‍ സെഷനുകളിലുമായി ആഗോളപ്രശസ്തരായ വിദഗ്ധരും ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലൂടെയും സംഘടനകളിലൂടെയും സമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. കൂടാതെ നിരവധി വിദേശരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും.

വിജയകരമായ സുസ്ഥിര സംരംഭങ്ങളുടെയും സാമൂഹിക വ്യാപാരങ്ങളുടെയും അനുഭവങ്ങളില്‍ നിന്ന് ലിംഗസംബന്ധമായ അറിവും പാഠങ്ങളും നേടാനാണ് സമ്മേളനം ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണെന്ന് മനസ്സിലാക്കും. സുസ്ഥിര സംരംഭകത്വത്തിന്‍റെയും സാമൂഹിക ബിസിനസുകളുടെയും വിവിധ വശങ്ങളുമായി സജീവമായി ഇടപഴകുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും അവസരം സൃഷ്ടിക്കും. കോവിഡ് 19 നു ശേഷമുള്ള വെല്ലുവിളികള്‍, നിലവിലെ സാഹചര്യത്തിലെ വ്യാപ്തി, ലോകമെമ്പാടുമുള്ള അനുഭവങ്ങള്‍ തുടങ്ങിയവ പങ്കുവയ്ക്കാനുള്ള വേദിയായി സമ്മേളനം മാറും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള കേരളത്തില്‍ തൊഴിലില്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലായ്മ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന്‍റെ പ്രമേയം വളരെ പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍. വിമണ്‍ ഒരു തുല്യപങ്കാളിത്ത വ്യവസ്ഥയില്‍ ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാനുള്ള ധാരണപത്രം ഒപ്പിട്ടതിലൂടെ സൗത്ത് ഏഷ്യയിലെ ലിംഗസമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സംവിധാനങ്ങളുടെയും ഹബ്ബായി ജെന്‍ഡര്‍ പാര്‍ക്കിനെ മാറ്റുകയെന്നതാണ് ഉദ്ദേശം. കോഴിക്കോട്ടെ ജെന്‍ഡര്‍ പാര്‍ക്കില്‍ ജെന്‍ഡര്‍ ഡാറ്റ സെന്‍റര്‍ സ്ഥാപിക്കുവാന്‍ യു.എന്‍. വിമണ്‍ പങ്കാളിത്തം വഹിക്കും. ജെന്‍ഡര്‍ പാര്‍ക്കിന്‍റെ എല്ലാ പദ്ധതികളിലും യു.എന്‍ വിമണിന്‍റെ സഹകരണം ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

എംഎല്‍എമാരായ ശ്രീ പുരുഷന്‍ കടലുണ്ടി, ശ്രീ എ പ്രദീപ് കുമാര്‍, ജെന്‍ഡര്‍ പാര്‍ക്ക് സിഇഒ ഡോ. പിടിഎം സുനീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Related Topics

Share this story