Times Kerala

‘ഭാഗ്യമിത്ര’ പുതുതായി പ്രതിമാസ ഭാഗ്യക്കുറിയുമായി സർക്കാർ; പ്രതിസന്ധിയിലും തളരാതെ ഭാഗ്യക്കുറി വകുപ്പ്

 
‘ഭാഗ്യമിത്ര’ പുതുതായി പ്രതിമാസ ഭാഗ്യക്കുറിയുമായി സർക്കാർ; പ്രതിസന്ധിയിലും തളരാതെ ഭാഗ്യക്കുറി വകുപ്പ്

പാലക്കാട്: ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ആകെ 5197.34 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സമാഹരിച്ചത്. പ്രളയം, കോവിഡ് പശ്ചാത്തലത്തില്‍ ഓണം ബംമ്പര്‍, നവകേരള ഭാഗ്യക്കുറികളുടെ മികച്ച വില്‍പ്പനയാണ് ജില്ലാ ഭാഗ്യക്കുറി വകുപ്പ് മുഖേന നടന്നത്. പ്രതിസന്ധി ഘട്ടത്തിലും മൂന്നു നറുക്കെടുപ്പിന് പുറമെ വര്‍ഷത്തില്‍ ആറ് ബംബര്‍ ഭാഗ്യക്കുറിയും പുതുതായി ആരംഭിച്ച പ്രതിമാസ ബംബര്‍ ഭാഗ്യക്കുറിയായ ഭാഗ്യമിത്രയും വില്‍പ്പന നടത്തി വരുന്നു. ഇതില്‍ കാരുണ്യ, കാരുണ്യ പ്ലസ് എന്നീ ഭാഗ്യക്കുറികളില്‍ നിന്നുള്ള വരുമാനം കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന നിര്‍ധനരായ രോഗികളുടെ ചികിത്സക്ക് സഹായമായി നല്‍കുന്നുണ്ട്.

നിലവില്‍ ടിക്കറ്റുകളുടെ വിറ്റുവരവ് കോവിഡ് 19 പ്രതിരോധ പദ്ധതിക്കായി നീക്കി വയ്ക്കുന്നു. ഇതുവരെ കോവിഡ് ധനസഹായമായി 95.86 ലക്ഷം രൂപ വിതരണം ചെയ്തു. 2018 ലെ പ്രളയസമയത്ത് തിരുവോണം ബംബര്‍ 4,81,600 ടിക്കറ്റുകളും കോവിഡ് കാലഘട്ടത്തില്‍ 3,75,000 തിരുവോണം ബംബര്‍ ടിക്കറ്റുകളും പാലക്കാട് ജില്ലയില്‍ വിറ്റഴിച്ചു. പ്രളയ ദുരിതാശ്വാസത്തിനും പുനരുദ്ധാരണത്തിനുമായി അധിക തുക സമാഹരിക്കുന്നതിന് വകുപ്പ് ഇറക്കിയ ‘നവകേരള’ ഭാഗ്യക്കുറി 2,06,380 ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാട് ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തി.

* പുതുതായി പ്രതിമാസ ഭാഗ്യക്കുറി ‘ഭാഗ്യമിത്ര’

കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും പുതുതായി അഞ്ചു കോടി സമ്മാനത്തുകയുള്ള പ്രതിമാസ ബംബര്‍ ഭാഗ്യക്കുറി ഭാഗ്യമിത്ര വകുപ്പ് ആരംഭിച്ചു. ജില്ലയില്‍ ഇതുവരെ വിറ്റഴിച്ച ആറുലക്ഷത്തോളം ഭാഗ്യമിത്ര ടിക്കറ്റുകളില്‍ നിന്നും ആറ് കോടിയോളം രൂപ സമാഹരിച്ചു.

* ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് മുഖേന 12.69 കോടിയുടെ ധനസഹായം
പാലക്കാട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് മുഖേന 2016-2020 വര്‍ഷങ്ങളില്‍ ആകെ 12.69 കോടിയാണ് വിതരണം ചെയ്തത്. വിവാഹധനസഹായം (4.21 ലക്ഷം), പ്രസവധനസഹായം (55,000 രൂപ), ചികിത്സ (4.70 ലക്ഷം), മരണാനന്തര ചടങ്ങുകള്‍ (60.11 ലക്ഷം), പെന്‍ഷന്‍ (1.44 കോടി), കുടുംബ പെന്‍ഷന്‍ (98,900 രൂപ), ഓണം ബോണസ് (10.45 കോടി), സ്‌കോളര്‍ഷിപ്പ് (9.72 ലക്ഷം), യൂണിഫോം (2500 ജോഡി), ബീച്ച് അംബ്രല്ല (200 ജോഡി) എന്നിവയാണ് ഭാഗ്യക്കുറി അംഗങ്ങള്‍ക്കായി വിതരണം ചെയ്തത്.

ക്ഷേമനിധി അംഗങ്ങളായ മുഴുവന്‍ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഓണം ഉത്സവബത്ത അവകാശമാക്കിയ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയില്‍ നിന്നുളള വിവിധ സഹായങ്ങള്‍ ഇരട്ടി മുതല്‍ അഞ്ചിരട്ടി വരെ വര്‍ധിപ്പിച്ചു. ഇതുപ്രകാരം വിവാഹധനസഹായം 5000 ല്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തി. ചികിത്സാ ധനസഹായം 20,000 രൂപ 50,000 രൂപയാക്കി. പ്രസവധന സഹായം 5000 രൂപയില്‍ നിന്ന് 10,000 രൂപയാക്കിയും വര്‍ധിപ്പിച്ചു. അംഗങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കി. ഇതുപ്രകാരം പത്താംക്ലാസില്‍ 80% മാര്‍ക്ക് നേടി പാസാകുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് എല്ലാ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കും.

വിദ്യാര്‍ത്ഥിളുടെ ബിരുദ – ബിരുദാനന്തര പഠനത്തിനും പ്രൊഫഷണല്‍ പഠനത്തിനും വിവിധ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. 55 വയസ്സ് കഴിഞ്ഞ ക്ഷേമ നിധി അംഗങ്ങള്‍ക്ക് 60 വയസ്സ് വരെ അംഗത്വത്തില്‍ തുടരാനും അംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ക്ഷേമനിധി ഓഫീസ് മുഖേന ലഭ്യമാകും.

Related Topics

Share this story