Times Kerala

മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് പുനരധിവസിപ്പിക്കും: ഫിഷറീസ് മന്ത്രി

 
മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് പുനരധിവസിപ്പിക്കും: ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.കടലില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ വസിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും അവരുടെ സമ്മതത്തോടെ മാറ്റി പാര്‍പ്പിക്കും. പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ മാറ്റി താമസിപ്പിക്കേണ്ട 4841 പേരില്‍ 3686 പേരുടെ സന്നദ്ധത ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അംഗീകരിച്ച് ഭൂമി കണ്ടെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ 647 പേര്‍ ഭൂമി കണ്ടെത്തി വില നിശ്ചയിക്കുകയും 423 പേര്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുകയും 15 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു.

തിരുവനന്തപുരം നിയോജകമണ്ഡലത്തില്‍ 10 മത്സ്യ ഗ്രാമങ്ങളിലായി പുനര്‍ഗേഹം പദ്ധതിയില്‍ 1491 ഗുണഭോക്താക്കളാണ് ഉള്ളത്. അതില്‍ മാറി താമസിക്കാന്‍ തയ്യാറുള്ള 591 കുടുംബങ്ങളെ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള സമിതി അംഗീകരിച്ച് ഭൂമി കണ്ടെത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. വലിയതുറയില്‍ വകുപ്പിന് കൈമാറിക്കിട്ടിയ 2.9 ഏക്കര്‍ സ്ഥലത്ത് 160 കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നടപടികള്‍ ആരംഭിച്ചു.

പുനര്‍ഗേഹം പദ്ധതിയില്‍ 13 ഗുണഭോക്തക്കള്‍ സ്വന്തമായി സ്ഥലം കണ്ടെത്തുകയും വസ്തു വാങ്ങി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇവരുടെ വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട വലിയതുറ, ചെറിയതുറ, വലിയ തോപ്പ് എന്നിവടങ്ങളിലെ 192 മത്സ്യത്തൊഴിലാളികള്‍ക്ക് മുട്ടത്തറയില്‍ ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. ഇതില്‍ ഓഖിയില്‍ വീട് നഷ്ടപ്പെട്ട 5 പേരുടെ കുടുംബങ്ങളും ഉള്‍പ്പെടുന്നു. കാരോട്, ബീമാപള്ളി എന്നിവിടങ്ങളിലും ഭൂമിയും വീടും നഷ്ടപ്പെട്ട ക്യാമ്പുകളില്‍ കഴിയുന്നവരെയും പുനരധിവസിപ്പിക്കുന്നതിന് കെട്ടിട നിര്‍മ്മാണം നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. കാരോട് 128 മത്സ്യത്തൊഴിലാളികളെയും ബീമാപള്ളിയില്‍ 20 മത്സ്യത്തൊഴിലാളി കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുന്നത്. വലിയതുറയില്‍ 160 മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഫ്‌ളാറ്റ് നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story