Times Kerala

സമ്പൂര്‍ണ്ണ ഹോം ലാബ് പദവി നേടി കോഴിക്കോട് ജില്ല

 
സമ്പൂര്‍ണ്ണ ഹോം ലാബ് പദവി നേടി കോഴിക്കോട് ജില്ല

കോഴിക്കോട്:ജില്ലയില്‍ സമ്പൂര്‍ണ്ണ ഹോം ലാബ് പൂര്‍ത്തീകരണ പ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. അനുകരണീയവും മാതൃകാപരവുമായ ഹോം ലാബ് പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഡയറ്റിന് സാധിച്ചെന്ന് മന്ത്രി പറഞ്ഞു. ഗവേഷണ രംഗത്തും ഡയറ്റ് ഇടപെടണമെന്നും കേവലം പരീക്ഷയ്ക്കുള്ള പഠനമാണ് വിദ്യാഭ്യാസം എന്ന സങ്കൽപത്തെ പൊളിച്ചെഴുതി മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വലിയ സമഗ്രമായ ജനകീയ പ്രക്രിയയാണ് വിദ്യാഭ്യാസം എന്ന സങ്കല്പം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മാറണമെന്നും മന്ത്രി പറഞ്ഞു. ഹോം ലാബ് പ്രവർത്തനങ്ങളിലൂടെ കുടുംബത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഉള്ള ഇടപെടലിന് സാധ്യത വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

ശാസ്ത്രപഠനം പ്രവര്‍ത്തനാധിഷ്ഠിതവും പ്രക്രിയാബന്ധിതവുമായി നടത്തുന്നതിനായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ ഹോം ലാബുകള്‍ സജ്ജമായി. ജില്ലയിലെ 1280 വിദ്യാലയങ്ങളിൽ നിന്നായി ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ മൂന്നു ലക്ഷത്തിലധികം വിദ്യാർഥികളാണ് ഹോം ലാബ് പദ്ധതിയുടെ ഭാഗമായത്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് (ഡയറ്റ്) ഇതിന് നേതൃത്വം നല്‍കിയത്.

പാഠ്യപദ്ധതിയില്‍ നിര്‍ദ്ദേശിച്ചിട്ടുളള പരീക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യുന്നതിന് വിലയില്ലാത്തതോ വില കുറഞ്ഞതോ എളുപ്പം ലഭ്യമായതോ ആയ സാധന സാമഗ്രികള്‍ കുട്ടികള്‍ ശേഖരിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടേയും സഹായത്തോടെ ഒരു പരീക്ഷണ മൂല തയ്യാറാക്കുന്നു എന്നതാണ് ഇതിന്റെ രീതി. ഡയറ്റിന്റെ ‘സ്‌കൂളിനൊപ്പം’ എന്ന പിന്തുണാ പരിപാടികളില്‍ ഉള്‍പ്പെട്ട 25 വിദ്യാലയങ്ങളില്‍ പരീക്ഷിച്ച് വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ല മുഴുവന്‍ പദ്ധതി വ്യാപിപ്പിച്ചത്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ശാസ്ത്ര ക്ലബ് കണ്‍വീനര്‍മാര്‍, പ്രധാനാധ്യാപകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം നടത്തി വരുന്നത്. ശാസ്ത്രജ്ഞര്‍, വിദ്യാഭ്യാസ വിദഗ്ദര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.

ലാബിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ ഉള്‍ക്കൊളളുന്നതും ക്ലാസ്സ് തലത്തില്‍ ഉപയോഗിക്കാവുന്നതുമായ പുസ്തകങ്ങള്‍ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്.

ഹോംലാബ് തുടര്‍പ്രവര്‍ത്തന സഹായ സാമഗ്രി ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ വി.പി മിനി പ്രകാശനം ചെയ്തു. അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ക്ലൈവ് തോംസണ്‍, ശാസ്ത്രജ്ഞന്‍ റോത്തര്‍ ഹാം യൂണിവേഴ്സിറ്റി, ഡോ. അജിപീറ്റര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് സയിന്റിസ്റ്റ് ബ്രൂണല്‍ യൂണിവേഴ്സിറ്റി ലണ്ടന്‍) എന്നിവര്‍ മുഖ്യാതിഥികളായി.

ഹയർ സെക്കണ്ടറി റീജ്യണൽ ഡയറക്ടർ ഗോകുലകൃഷ്ണൻ, വൊക്കേഷണൽ ഹയർ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടർ സെൽവമണി, സമഗ്രമിക്ഷ കേരള, കോഴിക്കോട് ഡി.പി.സി ഡോ. അബ്ദുൽ ഹക്കീം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ ഓർഡിനേറ്റർ ബി. മധു, വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.കെ വാസു, ഡയറ്റ് സീനിയർ ലക്ചറർ അബ്ദുൽ നാസർ യു.കെ, എ.ഇ.ഒ ജയരാജൻ നാമത്ത്, ജില്ലാ ശാസ്ത്ര ക്ലബ്ബ് കൺവീനർ സദനന്ദൻ സി, ബി.പി.സി ഷീല വിടി, ഡയറ്റ് പ്രിൻസിപ്പാൾ വി.വി പ്രേമരാജൻ, സീനിയർ ലക്ചറർ ഡോ. ബാബു വർഗ്ഗീസ്, വിദ്യാഭ്യാസ ഓഫീസർമാർ, സയൻസ് ക്ലബ് കൺവീനർമാർ, തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

Related Topics

Share this story