Times Kerala

റിപ്പബ്ലിക് ദിനാഘോഷം: ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

 
റിപ്പബ്ലിക് ദിനാഘോഷം: ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

എറണാകുളം: 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ കാക്കനാട് പരേഡ് ഗ്രൗണ്ടിൽ വച്ച് നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ രാവിലെ ഒമ്പത് മണിക്ക് പതാക ഉയർത്തും. തുടർന്ന് മുഖ്യാതിഥി പരേഡ് കമാന്‍ഡറോടൊപ്പം പരേഡ് പരിശോധിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കില്ല. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെ ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ഗ്രൗണ്ടിൽ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമാകേണ്ടതും കൈകള്‍ അണുവിമുക്തമാക്കേണ്ടതുമാണ്.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, മറ്റിടങ്ങൾ എന്നിവിടങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യാം.

Related Topics

Share this story