Times Kerala

കുമരകം മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റിന് പുതിയ കെട്ടിടം

 
കുമരകം മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റിന് പുതിയ കെട്ടിടം

കോട്ടയം: കുമരകം കൃഷി വിഞ്ജാന്‍ കേന്ദ്രത്തിലെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ യൂണിറ്റിന്‍റെ പുതിയ കെട്ടിടം ജനുവരി 25ന് കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എംപി മുഖ്യ പ്രഭാഷണം നടത്തും.

ഹോം സയന്‍സ് വിഭാഗത്തിനു കീഴില്‍ ചക്ക, ജാതിത്തൊണ്ട് എന്നിവയില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് ഇവിടെ നിര്‍മിക്കുന്നത്. 1129 ചതുരശ്ര അടിയിലുള്ള ഒറ്റമുറി കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനും മൂല്യവര്‍ധത ഉത്പന്നനിര്‍മ്മാണത്തിനുള്ള അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമായി സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.

സ്ത്രീ സ്വയം സഹായ സംഘങ്ങളുടെ ശാക്തീകരണം, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വിപണന സാധ്യത വര്‍ധിപ്പിക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ചക്കയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളായ റെഡി ടു കുക്ക് ഇടിച്ചക്ക, ഫ്രോസണ്‍ ഇടിച്ചക്ക കട്‌ലറ്റ്, ഇടിച്ചക്ക അച്ചാര്‍, ചക്ക ഉണങ്ങിയത്, ചക്കപ്പൊടി ചേര്‍ത്ത കേക്ക്, ചക്ക മിക്‌സ്ചര്‍, ചക്കപ്പഴം വരട്ടിയത്, ഹല്‍വ, ജാം എന്നിവയും ജാതിത്തൊണ്ടില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങളായ ജാം, ജെല്ലി ,സ്‌ക്വാഷ്, അച്ചാര്‍, ചങ്ക്‌സ് എന്നിവയാണ് ഇവിടെ നിര്‍മിക്കുന്നത്. ഉത്പന്ന നിര്‍മാണത്തില്‍ പരിശീലനവും നല്‍കിവരുന്നു.

കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ആർ. ചന്ദ്രബാബു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യ രാജൻ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ധന്യ സാബു, ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു, കെ.വി.കെ പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.കെ ജയലക്ഷ്മി, ആർ.എ.ആർ.എസ് അസോസിയേറ്റ് ഡയറക്ടർ റീന മാത്യു, ജനപ്രതിനിധികൾ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

Related Topics

Share this story