Times Kerala

തെരഞ്ഞെടുപ്പുകളിൽ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറി; ഹൈബി ഈഡൻ

 
തെരഞ്ഞെടുപ്പുകളിൽ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറി; ഹൈബി ഈഡൻ

കൊച്ചി: തെരഞ്ഞെടുപ്പുകളിൽ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്ന് ഹൈബി ഈഡൻ എംപി. സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്നും, പുലി വരുന്നേ പുലി എന്ന് ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻ നിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും സ്വർണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം  ശ്രമിക്കുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി.

അതേസമയം, സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു ആര്‍.എസ്.പി നേതാവ് ഷിബുബേബി ജോണ്‍ രംഗത്തെത്തി. ഇടതുമുന്നണിയുടേയത് അടിപ്പാവാട രാഷ്ട്രീയമാണെന്നും, രാഷ്ട്രീയമായി അധ:പതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ സിബിഐയെ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സികളോട് ഇപ്പോള്‍ വലിയ വിശ്വാസവും ബഹുമാനവുമാണ്- അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെ തകര്‍ക്കാന്‍ സിപിഎം-ബിജെപി ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടി. ആയിരക്കണക്കിന് നിവേദനങ്ങള്‍ ലഭിച്ചിട്ടും പൊതുജന ആവശ്യമുയര്‍ന്നിട്ടും വാളയാറിലെ പിഞ്ചുകുട്ടികളുടെ കൊലപാതകം സി.ബി.ഐയെ ഏല്‍പ്പിക്കാന്‍ മടിക്കുന്ന പിണറായി സര്‍ക്കാര്‍ സോളാര്‍ കേസില്‍ പരാതിയ്ക്കാരിയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സി.ബി.ഐയ്ക്ക് വിടാന്‍ തയാറായതിനെയും ഷിബുബേബി ജോണ്‍ വിമര്‍ശിച്ചു.

Related Topics

Share this story