Times Kerala

സാന്ത്വന സ്പർശം : വിപുലമായ ഒരുക്കങ്ങളുമായി തൃശൂർ ജില്ല

 
സാന്ത്വന സ്പർശം : വിപുലമായ ഒരുക്കങ്ങളുമായി തൃശൂർ ജില്ല

തൃശ്ശൂർ: പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ഉടനടി പരിഹാരം എന്ന നിലയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. താലൂക്ക് അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടക്കുന്ന അദാലത്തിന് മുന്നോടിയായി അക്ഷയകേന്ദ്രങ്ങൾ വഴി പരാതികൾ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.

കോർപ്പറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ കൂടാതെ ജില്ലയിലെ ഏഴ് താലൂക്കുകളിലും ജനങ്ങൾക്ക്നേരിട്ട് പരാതി നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ആദിവാസി മേഖലകളിൽ നിന്നുള്ള പരാതികൾ അതത് പ്രദേശങ്ങളിൽ പോയാണ് അക്ഷയകേന്ദ്രങ്ങൾ സ്വീകരിക്കുന്നത്. പരാതികൾ കൈകാര്യം ചെയ്യുന്നതിന് അക്ഷയ സെന്ററുകൾക്ക് ഓൺലൈനായി പരിശീലനവും നൽകിയിരുന്നു. ജനുവരി 28 വരെയാണ് പരാതികൾ സമർപ്പിക്കാനുള്ള അവസരം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ചീഫ് വിപ്പ് അഡ്വ കെ രാജൻ എന്നിവർ, അദാലത്തിൽ ജനങ്ങളുടെ പരാതികൾ കേൾക്കും.

കലക്ടർ എസ് ഷാനവാസിനാണ് ജില്ലയിലെ അദാലത്തുകളുടെ മേൽനോട്ടച്ചുമതല. ഫെബ്രുവരി ഒന്നിന് ടൗൺഹാളിൽ തൃശൂർ താലൂക്കിലെയും ഫെബ്രുവരി രണ്ടിന് കുന്നംകുളം ടൗൺഹാളിൽ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്കുകളുടെയും അദാലത്ത് നടക്കും. ഫെബ്രുവരി നാലിന് ഇരിങ്ങാലക്കുട ടൗൺഹാളിൽ ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം താലൂക്കുകളുടെയും അദാലത്ത് നടക്കും.

അദാലത്ത് നടത്തുന്നതിനുള്ള ഹാളിന്റെ സജ്ജീകരണങ്ങളും മറ്റ് ക്രമീകരണങ്ങളും അതാത് താലൂക്ക് ഓഫീസുകളുടെ നേതൃത്വത്തിലാണ് നിർവ്വഹിക്കുക. കൃത്യമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും അദാലത്തുകൾ നടത്തുക. അകലം പാലിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തും. പ്രളയം, ലൈഫ് മിഷൻ എന്നിവ സംബന്ധിച്ച പരാതികൾ ഈ അദാലത്തിൽ സ്വീകരിക്കില്ല. അവയ്ക്ക് പ്രത്യേകമായ അദാലത്ത് പിന്നീട്‌ സംഘടിപ്പിക്കും.

അപേക്ഷകൾ ക്രമീകരിക്കുന്നതിന് ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. റവന്യൂ, ജില്ലാ സപ്ലൈ ഓഫീസർ, പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ, സാമൂഹ്യനീതി ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എന്നിവർ അടങ്ങുന്നതാണ് സംഘം. സംഘം പരാതികളുടെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അതാത് വകുപ്പുകൾക്ക് അയച്ചു നൽകും. വകുപ്പുകൾ ഇത് സംബന്ധിച്ച മറുപടിയും ഉടനെ നൽകും. പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി എസി മൊയ്തീൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ള രീതിയിലാകും. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കും. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിൽ ഉണ്ടാകും. നടപടി സ്വീകരിക്കാൻ സാധിക്കാത്ത അപേക്ഷകളിൽ നിയമം, ചട്ടം എന്നിവ ഉദ്ധരിച്ച് സംശയത്തിന് ഇടവരാത്ത രീതിയിൽ വ്യക്തവും വിശദവുമായ മറുപടിയും നൽകും. സർക്കാരിൻ്റെ പരിഗണനയോ ഉത്തരവോ ആവശ്യമുള്ള പരാതികൾ പ്രത്യേകം തയ്യാറാക്കി റിപ്പോർട്ട് സഹിതം സർക്കാറിലേക്ക് സമർപ്പിക്കും. സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണും.

അദാലത്തിൽ ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റം വരുത്തിയോ നയപരമായ തീരുമാനം വഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ ജില്ലാ കലക്ടർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും.
അദാലത്ത് സംബന്ധിച്ച് താലൂക്ക് തലത്തിലുള്ള പുരോഗതി അവലോകനം താലൂക്കിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ നിർവഹിക്കും.

Related Topics

Share this story