Times Kerala

ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം: വ്യവസായ നിക്ഷേപ സാധ്യതകള്‍ സംസ്ഥാനം അവതരിപ്പിക്കും

 
ആസൂത്രണ ബോര്‍ഡിന്‍റെ രാജ്യാന്തര സമ്മേളനം: വ്യവസായ  നിക്ഷേപ സാധ്യതകള്‍ സംസ്ഥാനം അവതരിപ്പിക്കും

തിരുവനന്തപുരം: കരുത്തും അതിജീവനവും മുഖമുദ്രയാക്കിയ വ്യാവസായിക മേഖലയിലെ വന്‍നിക്ഷേപ സാധ്യതകള്‍ തുറന്നുകാട്ടി രാജ്യത്തിനകത്തും പുറത്തും നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനം ഒരുങ്ങുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനത്തിലാണ് നേതാക്കള്‍ക്കും മേഖലയിലെ പ്രമുഖര്‍ക്കും പങ്കാളികള്‍ക്കും മുന്നില്‍ കേരളത്തിന്‍റെ നിക്ഷേപസാധ്യതകള്‍ അനാവരണം ചെയ്ത് വന്‍കിട നിക്ഷേപങ്ങള്‍ തേടുന്നത്.

ഫെബ്രുവരി 1 മുതല്‍ 3 വരെ ‘ഭാവി വീക്ഷണത്തോടെ കേരളം’ എന്ന പ്രമേയത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സമ്മേളനം നയപരമായ ഇടപെടലുകളുടെ പിന്തുണയോടെ സംസ്ഥാനത്ത് അനായാസം ബിസിനസ് ചെയ്യാനാകുമെന്ന വസ്തുത വിളിച്ചോതും. കൂടാതെ സമ്മേളനത്തിലൂടെ ലഭ്യമാകുന്ന മികച്ച നിര്‍ദേശങ്ങള്‍ക്കനുസൃതമായി സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ സുപ്രധാന മേഖലകള്‍ നവീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്.

‘ആധുനിക വ്യവസായ സാധ്യതകള്‍’ എന്ന വിഷയത്തില്‍ ഫെബ്രുവരി 2ന് നടക്കുന്ന സെഷനില്‍ സാങ്കേതിക മുന്നേറ്റമുള്ള മേഖലകളിലെ ഉത്പ്പാദനത്തിനാണ് പ്രാമുഖ്യം. ലൊജിസ്റ്റ്കിസ് – തുറമുഖ അധിഷ്ഠിത വ്യവസായ വികസനം, കാര്‍ഷികാധിഷ്ഠിത ഭക്ഷ്യ സംസ്കരണം, പെട്രോകെമിക്കല്‍ കോംപ്ലക്സ്, വ്യവസായ പാര്‍ക്കുകളും ഇടനാഴികളും, സംരംഭകത്വപോഷണം, സ്വകാര്യമേഖലയിലെ വ്യാവസായിക വളര്‍ച്ചയുടെ മാര്‍ഗനിര്‍ദേശകര്‍ എന്ന നിലയില്‍ പൊതുമേഖലാസ്ഥാപനങ്ങളെ ഉയര്‍ത്തുക, പരമ്പരാഗത വ്യവസായ നവീകരണം തുടങ്ങിയവയും സെഷനില്‍ ചര്‍ച്ച ചെയ്യും.

വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിലെ ദക്ഷിണകൊറിയന്‍ അനുഭവത്തെക്കുറിച്ചും വികസിച്ചുവരുന്ന ആഗോളചട്ടക്കൂടില്‍ കേരളത്തിന്‍റെ സാമ്പത്തിക വളര്‍ച്ചാ സാധ്യതകളെക്കുറിച്ചും യോന്‍സെ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫ്യൂച്ചര്‍ ഗവണ്‍മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രൊഫ.മ്യുങ്ജെ മൂണ്‍ സംസാരിക്കും. സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ സാമ്പത്തിക നൊബേല്‍ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സും ഡബ്ല്യുഎച്ച്ഒ ചീഫ് സയന്‍റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥനും പങ്കെടുക്കും. സമാപന ദിനത്തില്‍ പ്രത്യേക വ്യവസായ സെഷന്‍ നടക്കും.

വ്യവസായ ക്ലസ്റ്ററുകളുടെ വികസനത്തിന് കിടപിടിക്കത്തക്ക സൗകര്യങ്ങളാണ് കേരളം ലഭ്യമാക്കുന്നതെന്ന് ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി കെ രാമചന്ദ്രന്‍ പറഞ്ഞു. ഉദാഹരണത്തിന്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ അള്‍ട്രോ മോഡേണ്‍ റിഫൈനറി വിപുലീകരണ പദ്ധതിയില്‍ അടുത്തിടെയുണ്ടായ 16,500 കോടി രൂപയുടെ നിക്ഷേപം കൊച്ചിയില്‍ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനുള്ള അവസരമാണ് മുന്നോട്ടുവയ്ക്കുന്നത്. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ സമഗ്ര രൂപരേഖാ വികസനം ഏറെ വിലമതിക്കത്തക്കതാണെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനാലാം പഞ്ചവത്സര പദ്ധതിക്ക് (2022-27) തുടക്കം കുറിക്കാന്‍ പോകുന്ന സംസ്ഥാനത്തിന് നിരവധി വ്യവസായ മേഖലകളിലെ മികച്ച മാതൃകകള്‍ സമ്മേളനത്തിലൂടെ കണ്ടെത്താനാകുമെന്ന് ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വേണു വി പറഞ്ഞു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും പുതിയ വെല്ലുവിളികളിലേക്കും അവസരങ്ങളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും സമ്മേളനം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ മന്ത്രി ശ്രീ ഇ പി ജയരാജനെക്കൂടാതെ ഡിപി വേള്‍ഡ്-പോര്‍ട്ട് ആന്‍ഡ് ലൊജിസ്റ്റിക്സ് എംഡിയും സിഇഒയുമായ റിസ്വാന്‍ സൂമര്‍, ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. വി റാംഗോപാല്‍ റാവു, സിസ്കോ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ എംഡി ഡെയ്സി ചിറ്റിലപ്പിള്ളി, നിസാന്‍ മോട്ടോര്‍ മുന്‍ സിഐഒ ടോണി തോമസ് എന്നിവരും വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.

വിതരണ-ആവശ്യകത ഘടകങ്ങളെ പരിഗണിക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷികാടിസ്ഥാന വ്യവസായങ്ങളുടെ വളര്‍ച്ചാശേഷി വളരെ കൂടുതലാണ്. നെല്ല്, നാളികേരം, റബ്ബര്‍, കൈതച്ചക്ക, കുരുമുളക്, ഏലം എന്നീ കാര്‍ഷീകോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിന് സുപ്രധാന സാധ്യതകളുണ്ടെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

ആധുനിക വസ്ത്ര നിര്‍മ്മാണം, ലോഹമുരുക്കുവിദ്യ, നിര്‍മ്മാണം, പെട്രോകെമിക്കല്‍സ്, സിന്തറ്റിക് പാദരക്ഷകള്‍, വിവര-ആശയവിനിമയ സാങ്കേതികവിദ്യ എന്നീ ഉയര്‍ന്ന സാങ്കേതികാധിഷ്ഠിത മേഖലകളില്‍ കേരളം നേതൃനിരയിലാണ്. നൈപുണ്യമുള്ളവരുടെ ലഭ്യതയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ശക്തമായ അടിത്തറയുമാണ് കേരളത്തെ ഇത്തരം നേട്ടം കൈവരിക്കാന്‍ പിന്തുണയ്ക്കുന്നത്. വ്യവസായവും വിദ്യാഭ്യാസമേഖലയുമായുള്ള സഹകരണ സാധ്യതകളും സമ്മേളനത്തിന്‍റെ സെഷനുകളില്‍ പരിഗണിക്കും.

സമ്മേളനത്തിന് രജിസ്ട്രേഷന്‍ ആവശ്യമില്ല. പങ്കെടുക്കുന്നതിനായി www.keralalooksahead.com ല്‍ ലോഗിന്‍ ചെയ്യുക.

Related Topics

Share this story