Times Kerala

മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് തീരുമാനങ്ങൾ എടുക്കാൻ വൈകരുത്, നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം..;നടൻ അജു വർഗീസ്

 
മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് തീരുമാനങ്ങൾ എടുക്കാൻ വൈകരുത്, നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം..;നടൻ അജു വർഗീസ്

മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് തീരുമാനങ്ങൾ എടുക്കാൻ വൈകരുത്, നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്ന് നടൻ അജു വർഗീസ് . മനോരമ ഓൺലൈനും കോട്ടയം ഈസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ഗ്ലോബൽ യൂത്ത് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അജു വർഗീസിന്റെ വാക്കുകൾ:

‘അനുഭവങ്ങളിൽ നിന്നു വേണം നാം പഠിക്കാൻ. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. പരിചയസമ്പന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എന്റെ ആദ്യ ചിത്രം വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങൾ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി.

സാമ്പത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു. കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി. പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കാൻ എന്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സിൽ വച്ച് മുന്നോട്ടു പോയപ്പൾ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകൾ ചെയ്തപ്പോൾ നേരത്തെ പറഞ്ഞ പരിചയസമ്പന്നത വളരെയധികം സഹായിച്ചു. ലവ് ആക്‌ഷൻ ഡ്രാമ ഒരു യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയിൽ മാത്രമല്ല.’ അജു പറഞ്ഞു.

‘തീരുമാനം എടുക്കുക എന്നത് വലിയൊരു കാര്യമാണ്. യെസ് ഓർ നോ എന്ന തീരുമാനം എടുക്കാൻ ഒരു ഘട്ടത്തിലും താമസം ഉണ്ടാകരുത്. അങ്ങനെയുണ്ടാകുമ്പോൾ വരുത്തുന്ന തെറ്റുകളിൽ നിന്നു മാത്രമേ നാം കൂടുതൽ പഠിക്കൂ. ഒരു നേതാവ് ഉണ്ടാകുന്നത് അവിടെ നിന്നാണ്. ഒരു നല്ല നേതാവ് നല്ല തീരുമാനങ്ങളെടുക്കും. അവനെ പിന്തുടരാൻ ആളുകളുണ്ടാകും. മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് ഒരുപാട് ആളുകളോട് സംസാരിച്ച് തീരുമാനങ്ങൾ എടുക്കാൻ വൈകരുത്. നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം.’ അജു പറഞ്ഞു.

Related Topics

Share this story